Times Kerala

ഭിന്നശേഷിക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

 

ഡല്‍ഹി :ഭിക്ഷാടനം നടത്താന്‍ സാധ്യതയുള്ളതിനാലാണ് ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറക്കിയ പുതിയ ഹജ്ജ് നിയമത്തിലെ വിവാദ ഭാഗങ്ങളെ ന്യായീകരിക്കുവാനായാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഈ വിചിത്ര വാദവുമായി രംഗത്തെത്തിയത്.

ദില്ലി ഹൈക്കോടതിയിലാണ് ന്യൂനപക്ഷ മന്ത്രാലയം ഇതു സംബന്ധിച്ച സത്യവാങ് മൂലം ഫയല്‍ ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്നവരേയും വികലാംഗരെയും ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് പുതിയ നിയമത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.
സ്‌ക്രീനിംഗിന് ശേഷം മാത്രമേ ഹജ്ജിന് പോകാന്‍ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാവുവെന്ന് ജിദ്ദാ കോണ്‍സുലൈറ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറയുന്നു.

സൗദി അറേബ്യയില്‍ ഭിക്ഷാടനം നിരോധിച്ചതിനാലാണ് ഇതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഹജ്ജിന് എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് സൗദി സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കി വെക്കാറുള്ളത്. ഈ വസ്തുത നിലനില്‍ക്കവെയാണ് വിചിത്ര വാദവുമായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേ സമയം സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഭിന്നശേഷിക്കാരുടെ സംഘടനകള്‍ രംഗത്തെത്തി. ഭരണഘടനപരമായി ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളുടെയും സംരക്ഷണത്തിന്റെയും ലംഘനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ഹര്‍ജ്ജിക്കാര്‍ പറയുന്നു.

Related Topics

Share this story