Times Kerala

മാതാപിതാക്കള്‍ മരിച്ച് നാലു വര്‍ഷത്തിനു ശേഷം മകന്‍ പിറന്നു

 

ബീജിംഗ്: മാതാപിതാക്കള്‍ കാറപകടത്തില്‍ മരിച്ച നാലാം വര്ഷം മറ്റൊരു അമ്മയുടെ വാടക ഗര്‍ഭപാത്രത്തില്‍ ആ കുഞ്ഞു ജന്മമെടുത്തത്. ചൈനയിലാണ് സംഭവം.
ദമ്പതികള്‍ ജീവിച്ചിരിക്കേ ഐവിഎഫ് വഴി കുഞ്ഞിന് ജന്മം നല്‍കാന്‍ സൂക്ഷിച്ചിരുന്ന ഭ്രൂണമാണ് അവരുടെ മരണശേഷം ഉപയോഗിച്ചത്. മാതാപിതാക്കള്‍ 2013ലെ കാര്‍ അപകടത്തില്‍ മരിച്ചുവെങ്കിലും ഭ്രൂണം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ നടത്തിയ നീണ്ട നിയമപോരാട്ടമാണ് കുട്ടിയുടെ ജന്മത്തിലേക്ക് നയിച്ചത്.

നാന്‍ജിയാംഗിലെ ആശുപത്രിയില്‍ ശീതികരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു ഭ്രൂണം. ഒരു ലിക്വിഡ് നൈട്രജന്‍ ടാങ്കില്‍ മൈനസ് 196 ഡിഗ്രിയിലാണ് ഭ്രൂണം സൂക്ഷിച്ചിരുന്നത്.

ലാവോസില്‍ നിന്നുള്ള വാടക അമ്മയില്‍ നിന്നാണ് കുട്ടി ജനിച്ചതെന്ന് ദി ബീജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറിലായിരുന്നു ജനനം. വാടക ഗര്‍ഭധാരണം നിയമവിരുദ്ധമായതോടെയാണ് രാജ്യത്തിന് പുറത്തുനിന്ന് അമ്മയെ കണ്ടെത്തേണ്ടിവന്നത്. എന്തായാലും തങ്ങളുടെ പാരമ്പര്യത്തിന് ഒരു അവകാശി ജനിച്ചതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ അവന്റെ കുടുംബം.

Related Topics

Share this story