Times Kerala

പ്രവാസികള്‍ക്ക് കൈത്താങ്ങായി ഒരു ഇന്ത്യക്കാരന്‍

 

ദുബായ് :യുഎഇയില്‍ 560 തടവുകാരുടെ മോചനത്തിനുള്ള പണം നല്‍കാന്‍ തയ്യാറായി ഒരു മനുഷ്യ സ്‌നേഹി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പ്യോര്‍ ഗോള്‍ഡ്’ ഗ്രൂപ്പ് ഉടമയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഫിറോസ് മര്‍ച്ചന്റ് എന്ന ഇന്ത്യന്‍ വ്യവസായിയാണ് തന്റെ സേവന പ്രവര്‍ത്തനത്തിലൂടെ ഒരു പിടി ജിവിതങ്ങള്‍ക്ക് താങ്ങാകുന്നത്.

സാമ്പത്തിക ഇടപാടുകളില്‍ പെട്ട് തിരിച്ചടക്കാനാവാതെ യുഎഇയിലെ ജയിലുകളില്‍ പ്രതീക്ഷയറ്റ് കഴിയുന്ന പ്രവാസികളടക്കമുള്ള 560 തടവുകാരുടെ മോചനത്തിന് വേണ്ടിയാണ് ഫിറോസ് മെര്‍ച്ചന്റെ് പണം നല്‍കുക. 26 രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ക്കാണ് ഈ മനുഷ്യ സ്‌നേഹിയുടെ കരുണ നിറഞ്ഞ പ്രവര്‍ത്തനത്താല്‍ അടുത്ത മാസം സ്വന്തം രാജ്യത്തേക്ക് മടങ്ങുവാന്‍ സാധിക്കുക. ഇതിനായി 650,000 ദര്‍ഹ (1,15,00,598.22 ഇന്ത്യന്‍ രൂപ) മാണ് ഇദ്ദേഹം തടവുകാരുടെ മോചനത്തിനായുള്ള ഫറജ് ഫണ്ടിലേക്ക് നല്‍കിയത്.

അജ്മാനിലെ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള 300 പേരും രാജ്യത്തിന്റെ മറ്റു ജയിലുകളില്‍ നിന്നുള്ള 260 പേരും ഇതില്‍ ഉള്‍പ്പെടുന്നു. റമദാനോട് അനുബന്ധിച്ച് നടത്തുന്ന സല്‍ക്കര്‍മ്മങ്ങളുടെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി.

‘ഫൊര്‍ഗോട്ടണ്‍ സൊസൈറ്റി’ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഫിറോസ് മെര്‍ച്ചന്റെ വര്‍ഷങ്ങളായി തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി പോരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ‘ഫൊര്‍ഗോട്ടണ്‍ സെസൈറ്റി‘യുടെ കാരുണ്യത്താല്‍ 5000 ത്തിലധികം പേരാണ് ഇത്തരത്തില്‍ യുഎഇയില്‍ ജയില്‍ മോചിതരായിട്ടുള്ളത്.

ഇതില്‍ ഏറെയും പ്രവാസികളാണെന്നതാണ് മറ്റൊരു വസ്തുത. 1989 ല്‍ ഇന്ത്യയില്‍ നിന്നും ദുബായിലേക്കെത്തിയ ഫിറോസ് മര്‍ച്ചെന്റ് ഇപ്പോള്‍ ഗള്‍ഫ് മേഖലയിലെ വന്‍ വ്യവസായികളിലൊരാളാണ്. 120 സ്‌റ്റോറുകളാണ് പ്യോര്‍ ഗോള്‍ഡിന് ഗള്‍ഫിലും ശ്രീലങ്കയിലുമായി ഉള്ളത്. ഇന്ത്യയില്‍ പ്യോര്‍ ഗോള്‍ഡിന് 200 ഷോറൂമുകളുണ്ട്.

Related Topics

Share this story