Times Kerala

അറബ് ഫാഷന്‍ വീക്കിന് വേദിയാകാന്‍ സൗദി

 

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു. ഏപ്രില്‍ 10 മുതല്‍ റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനിലാണ് പരിപാടി അരങ്ങേറുക. 4 ദിനം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അറബ് ഡിസൈനുകളും യൂറോപ്യന്‍ ബ്രാന്‍ഡുകളുമെല്ലാം അവതരിപ്പിക്കപ്പെടും.

റോബര്‍ട്ടോ കാവല്ലി, ജീന്‍ പോള്‍ ഗോള്‍ട്ട്യര്‍ തുടങ്ങിയ പ്രമുഖരുടെയടക്കം രൂപകല്‍പ്പനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് സൗദി ഫാഷന്‍വീക്കിന് വേദിയാകുന്നത്. ഇക്കുറി കാഴ്ചക്കാരായി സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. ഫെബ്രുവരിയില്‍ അറബ് ഫാഷന്‍ കൗണ്‍സിലാണ് പരിപാടി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ അറബ് ഫാഷന്‍ കൗണ്‍സില്‍, റിയാദില്‍ പ്രാദേശിക കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. സൗദി രാജകുമാരി നോറ ബിന്‍ത് അല്‍ സൗദിനെ അദ്ധ്യക്ഷയായും പ്രഖ്യാപിച്ചു. ലോക നിലവാരത്തിലുള്ള ഫാഷന്‍ വീക്കിനാണ് റിയാദ് വേദിയാവുകയെന്നും ടൂറിസം,വ്യാപാര രംഗങ്ങളില്‍ ഉള്‍പ്പെടെ രാജ്യപുരോഗതിക്ക് ഇത് ഉതകുന്നതാണെന്നും നോറ വ്യക്തമാക്കിയിരുന്നു.

ചടങ്ങിന്റെ ലൈന്‍ അപ്പ് പുറത്തുവന്നിട്ടില്ല. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗദി നടപ്പാക്കിവരുന്ന പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണിത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരുന്നത്.

സൗദി സ്ത്രീകള്‍ പൊതുസ്ഥലത്ത് അബായകള്‍ ധരിച്ച് പ്രത്യക്ഷപ്പെടണമെന്ന് നിര്‍ബന്ധമില്ലെന്ന് എംബിഎസും മുതിര്‍ന്ന മത പണ്ഡിതരും ഇക്കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു.കുറച്ച് നാളുകളായി സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പരിഷ്‌കാര നടപടികളുടെ നീണ്ടനിര തന്നെ നടപ്പാക്കി വരികയാണ് .

വനിതകള്‍ക്ക്‌ ഡ്രൈവിങ് ലൈസന്‍സ്, സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, വിവിധ വകുപ്പുകളില്‍ നിയമനം, സ്ത്രീകള്‍ക്ക് പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം, തിയേറ്ററുകള്‍ക്ക് അനുമതി, എന്നിവയുള്‍പ്പെടെ വിപ്ലവകരമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

Related Topics

Share this story