Times Kerala

ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവം സംസ്ഥാനതല പരിശീലനത്തിന് തുടക്കമായി

 

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവത്തിന്റെ ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് ഐ.എം.ജി യില്‍ തുടക്കമായി. ശുചിത്വമിഷന്‍, കുടുംബശ്രീ, ആരോഗ്യവകുപ്പ്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, സാക്ഷരതാ മിഷന്‍ അതോറിട്ടി എന്നിവയുടെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ജാഗ്രതോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ മുതിര്‍ന്നവരില്‍ ചെലുത്തുന്ന സ്വാധീനത്തെ പ്രയോജനപ്പെടുത്തിയാണ് ജാഗ്രതോത്സവത്തിലൂടെ പകര്‍ച്ചാവ്യാധി രഹിത ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുന്നതെന്ന് കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ് പരിശീലനപരിപാടിയിലെ ആദ്യ സെഷനില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അധ്യക്ഷയായിരുന്നു. സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്ത്, ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.അജയകുമാര്‍ വര്‍മ്മ, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.റീന, സാക്ഷരതാ മിഷന്‍ അതോറിട്ടി ഡയറക്ടര്‍ ഡോ.വിജയമ്മ എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീയുടെ ബാലസഭയെ ഉള്‍പ്പെടുത്തി സംസ്ഥാനത്തുടനീളമുള്ള അഞ്ചു മുതല്‍ ഒന്‍പതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. പകര്‍ച്ചാവ്യാധി പ്രതിരോധം സംബന്ധിച്ച ക്ലാസ്സുകളും കുട്ടികള്‍ക്ക് ഇവയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുമാണ് ജാഗ്രതോത്സവത്തിന്റെ പ്രധാന ഉള്ളടക്കം. പരിസര ശുചിത്വത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ജാഗ്രതോത്സവത്തിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ 20000 ത്തോളം വാര്‍ഡുകളില്‍ ഓരോന്നിലും 50 മുതല്‍ 100 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. വാര്‍ഡുതലത്തിലെ ജാഗ്രതോത്സവത്തിന് കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരും ഗ്രാമപഞ്ചായത്ത്/ നഗരസഭാതലത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിലുമാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. ഈ മാസം 20 നും 30 നും ഇടയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ജാഗ്രതോത്സവത്തിനുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കാണ് രണ്ടു ദിവസത്തെ പരിശീലനം നല്‍കുന്നത്. ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റുമാരായ ജഗജീവന്‍, ടി.പി.സുധാകരന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷാ, റിട്ട.അധ്യാപകനും പരിശീലകനുമായ കെ.പി.രാമകൃഷ്ണന്‍ എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Related Topics

Share this story