Times Kerala

മൈക്രയുടെ ഇന്ത്യന്‍ പതിപ്പിനെ നിസാന്‍ ഒരുക്കും

 

പുതിയ മൈക്രയുടെ ഇന്ത്യന്‍ പതിപ്പിനെ നിസാന്‍ ഒരുക്കുന്നു . രാജ്യാന്തര വിപണികളില്‍ ഒരല്‍പം പ്രീമിയം മുഖമാണ് മൈക്രയ്ക്ക്. എന്നാല്‍ ഇന്ത്യയില്‍ ബജറ്റ് വിലയില്‍ മൈക്രയെ അവതരിപ്പിക്കാനാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ശ്രമം.ചെലവു കുറഞ്ഞ CMF-A അടിത്തറയാണ് വരാനിരിക്കുന്ന പുതിയ ഇന്ത്യന്‍ മൈക്രയ്ക്ക് ആധാരമാവുക. അതേസമയം നിസാന്‍ V അടിത്തറയിലാണ് യൂറോപ്യന്‍ മൈക്രകളുടെ ഒരുക്കം. ഇന്ത്യയില്‍ എത്തുന്ന മൈക്രയ്ക്ക് വലുപ്പം കൂടും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇത് അനിവാര്യമാണ്.

എന്നാല്‍ വില പിടിച്ചു നിര്‍ത്തുന്നതിന് വേണ്ടി ഒരുപിടി ആഢംബര ഫീച്ചറുകള്‍ മൈക്രയ്ക്ക് നഷ്ടപ്പെടും. പക്ഷെ വിഷമിക്കേണ്ടതില്ല. പ്രീമിയം ഹാച്ച്ബാക്ക് എന്ന വിളിപ്പേരിനുള്ള വക മൈക്രയില്‍ നിസാന്‍ നിലനിര്‍ത്തുമെന്നാണ് സൂചന. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പോലുള്ള ഫീച്ചറുകള്‍ നിസാന്‍ മൈക്രയില്‍ പ്രതീക്ഷിക്കാം.

എബിഎസ്, എയര്‍ബാഗ് സംവിധാനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മൈക്ര വേരിയന്റുകളില്‍ ഒരുങ്ങും. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാകും പുതിയ മൈക്രയിലും തുടരുക. എന്നാല്‍ എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കാന്‍ നിസാന്‍ ഇക്കുറി കാര്യമായി ശ്രദ്ധിക്കും. മൈക്ര ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിക്കാനും നിസാന്‍ ലക്ഷ്യമിടുന്നുണ്ട്.

Related Topics

Share this story