Times Kerala

നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല അന്തരിച്ചു;ഓര്‍മ്മയാകുന്നത് വര്‍ണവിവേചനത്തിനെതിരെ പോരാടിയ ധീര വനിത

 

ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന അവര്‍ ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്നു .ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചതെന്ന് അവരുടെ കുടുംബത്തിന്റെ വക്താവ് അറിയിച്ചു.

വിന്നി മണ്ടേലയ്ക്ക് 22 വയസുള്ളപ്പോഴാണ് നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958 ജൂണില്‍ വിവാഹിതരായ ഇരുവര്‍ക്കും അധികകാലം ഒരുമിച്ച് കഴിയാന്‍ സാധിച്ചില്ല.നെല്‍സണ്‍ മണ്ടേല ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം അദ്ദേഹത്തിന്റെ രണ്ടു മക്കളെ വളര്‍ത്തിയതും വര്‍ണ വിവേചനത്തിനെതിരായ പോരാട്ടം ശക്തമായി നിലനിര്‍ത്തിയതും വിന്നി മണ്ടേല ആയിരുന്നു.

നെല്‍സണ്‍ മണ്ടേലയുമായി പിരിഞ്ഞ വിന്നി 1996 ല്‍ അദ്ദേഹത്തില്‍നിന്ന് വിവാഹ മോചനം നേടി.1995 ല്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് നെല്‍സണ്‍ മണ്ടേല അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. കലാ – സാംസ്‌കാരിക, ശാസ്ത്ര – സാങ്കേതിക വകുപ്പ് സഹമന്ത്രി ആയിരുന്നു അവര്‍.

Related Topics

Share this story