Times Kerala

എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട യുവതി ജീവനോടെ തിരികെയെത്തി; ഒപ്പം രണ്ടാം ഭര്‍ത്താവും ആറു മക്കളും

 

 

പഞ്ചാബ്: കൊല്ലപ്പെട്ടുവെന്ന് കരുതിയ യുവതി എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത് രണ്ടാം ഭര്‍ത്താവിനും ആറു മക്കള്‍ക്കുമൊപ്പം. ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്ത യുവതിയെ കോടതി ജാമ്യത്തില്‍ വിട്ടു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.
30കാരിയായ അസ്മാബിയാണ് കഥയിലെ നായിക. 2009ല്‍ ഇബ്‌റാര്‍ അഹ്മദ് എന്നയാള്‍ക്കൊപ്പം അസ്മാബിയെ വിവാഹം ചെയ്ത് അയച്ചിരുന്നു. എന്നാല്‍ 2010ല്‍ യുവതിയെ കാണാതായി. ഭര്‍ത്താവ് ഇബ്‌റാര്‍ അഹ്മദ് വധിച്ചതാണെന്ന പരാതിയുമായി യുവതിയുടെ മാതാവ് പോലിസിനെ സമീപിച്ചു. ഇതുപ്രകാരം പോലിസ് അബ്‌റാറിനെ അറസ്റ്റ് ചെയ്‌തെങ്കിലും നഷ്ടപരിഹാരത്തുക കൈപ്പറ്റി കേസ് ഒഴിവാക്കാന്‍ മാതാവ് സമ്മതിക്കുകയായിരുന്നു.

പിന്നെ എട്ടു വര്‍ഷമായി അസ്മാബിയെ കുറിച്ച് ആര്‍ക്കും വിവരമുണ്ടായിരുന്നില്ല. അവര്‍ കൊല്ലപ്പെട്ടുവെന്ന് തന്നെയായിരുന്നു ഝലം ജില്ലയിലെ ഫലയാന്‍ ഗ്രാമത്തിലെ ജനങ്ങളും കരുതിയത്. എന്നാല്‍ കൊല്ലപ്പെട്ടുവെന്ന് കരുതിയ അസ്മ തിരിച്ചെത്തിയത് ഗ്രാമത്തില്‍ നിന്ന് തന്നെയുള്ള നസീര്‍ അഹ്മദ് എന്ന രണ്ടാം ഭര്‍ത്താവിനും ആറ് മക്കള്‍ക്കുമൊപ്പമായിരുന്നു. നീലം എന്ന് പേരുമാറ്റിയായിരുന്നു നാട്ടിലേക്കുള്ള തിരിച്ചുവരവ്.

എന്നാല്‍ കള്ളക്കളി തിരിച്ചറിഞ്ഞ ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് അറസ്റ്റ് ചെയ്ത് ചോദ്യ ചെയ്തപ്പോഴാണ് കഥയുടെ ചുരുളഴിഞ്ഞത്. ചെറുപ്പം മുതലേ നസീര്‍ അഹ്മദുമായി പ്രണയത്തിലായിരുന്നു അസ്മ. എന്നാല്‍ അവളുടെ താല്‍പര്യത്തിനെതിരായി കുടുംബക്കാര്‍ ഇബ്‌റാറുമായി വിവാഹം ചെയ്തയക്കുകയായിരുന്നു. എന്നാല്‍ നസീറുമായുള്ള ബന്ധം രഹസ്യമായി തുടര്‍ന്ന അസ്മ, കാമുകന് ദുബയില്‍ ജോലി കിട്ടിയ വേളയില്‍ കൂടെ പോവുകയായിരുന്നു. അവിടെ വച്ച് എട്ടു വര്‍ഷത്തിനുള്ളില്‍ ആറു കുട്ടികളുടെ മാതാവുമായി അസ്മ. അവസാനം ജന്‍മനാട്ടിലേക്ക് തിരിച്ചുവരാന്‍ ഇരുവരും തീരുമാനമെടുക്കുകയായിരുന്നു.

തന്റെ സമ്മതമില്ലാതെ നടത്തിയ വിവാഹം വേര്‍പെടുത്തി കാമുകനെ വിവാഹം കഴിച്ചതില്‍ ഒരു വിഷമവും തോന്നുന്നില്ലെന്ന് അവര്‍ പോലിസിനോട് പറഞ്ഞു. മുന്‍ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ മറ്റൊരാളുമായി വിവാഹത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തവെങ്കിലും കോടതി ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു.

Related Topics

Share this story