Times Kerala

മത്സ്യഫെഡിന്റെ ആലപ്പുഴ ജില്ലയിലെ ആദ്യ ഓൺലൈൻ പഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

 
മത്സ്യഫെഡിന്റെ ആലപ്പുഴ   ജില്ലയിലെ ആദ്യ ഓൺലൈൻ പഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടി മത്സ്യഫെഡ് ഒരുക്കുന്ന ഓൺലൈൻ പഠന കേന്ദ്രം ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യ ഓൺലൈൻ പഠന കേന്ദ്രം വാടയ്ക്കൽ കാഞ്ഞിരംചിറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഹാളിൽ പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ ബദൽ സംവിധാനം ഒരുക്കും. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭിക്കുന്നുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. തീരദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാർ പൊതുമേഖലാ സ്ഥാപനമായ മത്സ്യഫെഡ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ജില്ലാ മാനേജർ പി എൽ വത്സലകുമാരി, ഡെപ്യൂട്ടി മാനേജർ കെ സജീവൻ, മത്സ്യത്തോഴിലാളി സഹകരണ സംഘം പ്രസിഡന്റ് വി എ ബെനഡിക്ട്, പി പി പവനൻ, ടി സി പീറ്ററുകുട്ടി, എ പി സോണ, ബി അജേഷ്, സംഘം സെക്രട്ടറി മിനി എന്നിവർ പങ്കെടുത്തു.

Related Topics

Share this story