Times Kerala

ഓട്ടോകാസ്റ്റ്: മൂന്നുമാസത്തെ കുടിശ്ശിക ശമ്പളം ഈ മാസം തന്നെ നൽകും;മന്ത്രി ഇ പി ജയരാജൻ

 
ഓട്ടോകാസ്റ്റ്: മൂന്നുമാസത്തെ കുടിശ്ശിക ശമ്പളം ഈ മാസം തന്നെ നൽകും;മന്ത്രി ഇ പി ജയരാജൻ

ആലപ്പുഴ: ചേര്‍ത്തല ഓട്ടോ കാസ്റ്റില്‍ തൊഴിലാളികൾക്ക് കുടിശ്ശികയുള്ള മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ ശമ്പളം സര്‍ക്കാര്‍ പണം കണ്ടെത്തി ഈ മാസം തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഓട്ടോകാസ്റ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഒപ്പമുണ്ടായി. ഓട്ടോ കാസ്റ്റിലെ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മന്ത്രി ഇ.പി.ജയരാജനും മന്ത്രി തോമസ് ഐസക്കും ഏറെ നേരം ചർച്ചയും നടത്തി. കമ്പനി വലിയ നഷ്ടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.
കമ്പനിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനേജ് മെന്റ് പ്രതിനിധി, യൂണിയന്‍ പ്രതിനിധി, സാങ്കേതിക വിദഗ്ധന്‍ എന്നിവര്‍ ഉൾപ്പെടുന്ന സമിതിയെ നിശ്ചയിക്കുമെന്ന് മന്ത്രി പറഞ്ഞു. സമിതി രണ്ടുമാസത്തിനകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. ഇന്നുവരെയുള്ള ആനുകൂല്യങ്ങൾ നൽകി തൊഴിലാളികളെ നിലനിർത്തി മുന്നോട്ടു പോകുന്നതിനുള്ള പദ്ധതിയാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി . കെഎസ്ഇബിയുടെ കുടിശിക സംബന്ധിച്ച് ഒരു വട്ടം കൂടി അവരുടമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തിനായി മുഴുവൻ സമയം പ്രവര്‍ത്തിക്കുന്ന എം ഡിയെ ഒരു മാസത്തിനകം നിയമിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. കമ്പനിയും തൊഴിലാളി യൂണിയനുകളും ചേർന്ന് ഉൽപ്പാദനക്ഷമത കാര്യമായി വര്‍ധിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ചർച്ചയിൽ പറഞ്ഞു. നാല്‍പ്പതി കോടി രൂപയോളം സര്‍ക്കാര്‍ ഓട്ടോകാസ്റ്റിന് നല്‍കിയിട്ടുണ്ട്. ഒരു മാസം 500 മെട്രിക് ടൺ എന്ന ഉൽപ്പാദനം ലക്ഷ്യം കൈവരിക്കണം.

Related Topics

Share this story