Times Kerala

ആലപ്പുഴ നഗര സമഗ്ര വികസന പദ്ധതി മന്ത്രി തോമസ് ഐസക്ക് അവലോകനം ചെയ്തു

 
ആലപ്പുഴ നഗര സമഗ്ര വികസന പദ്ധതി മന്ത്രി തോമസ് ഐസക്ക് അവലോകനം ചെയ്തു

ആലപ്പുഴ: കിഫ്‌ബിയിലുൾപ്പെടുത്തിയുള്ള കനാൽ നവീകരണത്തിന്റെ ആദ്യഘട്ടം ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത ആലപ്പുഴ നഗര സമഗ്ര വികസന പദ്ധതി അവലോകനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വികസന പദ്ധതികൾ തീർക്കാൻ ലക്ഷ്യമിട്ട ഗണ്യമായ കാലയളവ് കോവിഡ് ലോക്ക് ഡൗൺ വേളയിൽ നഷ്ടമായി. മഴ കനക്കുംമുൻപ് കഴിയുന്നത്ര ജോലികൾ തീർക്കണമെന്ന് മന്ത്രി തോമസ് ഐസക്ക് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ആദ്യ ഘട്ടത്തിൽ ഒൻപതു കനാലുകളിലായി 24 കി.മീറ്ററാണ് നവീകരിക്കേണ്ടത്. അതിൽ 18 കിലോമീറ്ററിൻറെ പണിപൂർത്തിയായിട്ടുണ്ടെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. വാടക്കനാലിലെ ജോലി രണ്ടാഴ്ചക്കകം പൂർത്തിയാകും. മഴ പൂർണമായും മാറിനിന്നാൽ മാത്രമേ എ എസ് കനാലിലെ നവീകരണം തീർക്കാനാകൂ. കാപ്പിത്തോട്,ഷഡാമണി തോട് എന്നീ സബ് കനാലുകളുടെ നവീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കനാലുകളിലെ പായൽ നീക്കം നടക്കുന്നു. പായൽ പെറുക്കി മാറ്റുന്നതിന് മൂന്നു വള്ളങ്ങളെയും തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.

കനാൽ നവീകരണവും സൗന്ദര്യവത്‌കരണവും അതാത് പ്രദേശത്തെ മുനിസിപ്പൽ കൗൺസിലർമാരുമായി ഏകോപിച്ചാകണമെന്ന് മന്ത്രി ഇറിഗേഷൻ അധികൃതരോട് പറഞ്ഞു. സമഗ്ര വികസന പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബറിൽ ആരംഭിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

Related Topics

Share this story