Times Kerala

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി കോഴിക്കോട് ജില്ലയില്‍ 360 പൊതുകേന്ദ്രങ്ങള്‍ തിങ്കളാഴ്ച്ചയോടെ പൂര്‍ത്തിയാവും

 
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി കോഴിക്കോട്  ജില്ലയില്‍ 360 പൊതുകേന്ദ്രങ്ങള്‍ തിങ്കളാഴ്ച്ചയോടെ പൂര്‍ത്തിയാവും

കോഴിക്കോട്:        വീടുകളില്‍ ടി വി, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ മുതലായ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കാന്‍ 360 പൊതുപഠനകേന്ദ്രങ്ങള്‍ തിങ്കളാഴ്ചയോടെ സജ്ജമാവുമെന്ന് സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ഹക്കീം അറിയിച്ചു. ഇതുവരെ പ്രവര്‍ത്തനമാരംഭിച്ച 160 സെന്ററുകള്‍ക്ക് പുറമെ 200 കേന്ദ്രങ്ങളില്‍ കൂടി കേബിള്‍ കണക്ഷനോടു കൂടി ടെലിവിഷനൊരുക്കാനും ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളാക്കി മാറ്റാനും ജില്ലാ കലക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാനിച്ചു.

തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കിയ പഠനകേന്ദ്രങ്ങള്‍ക്ക് പുറമെ പുതുതായി സജ്ജമാക്കുന്ന കേന്ദ്രങ്ങളിലേക്കുള്ള ടി വി സെറ്റുകള്‍ വ്യവസായ വകുപ്പും സന്നദ്ധ സംഘടനകളും നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. വീട്ടില്‍ ടി വിയില്ലാത്ത സ്‌കൂളിലെ ഓരോ കുട്ടിയും ഏത് സെന്ററുകളിലാണ് പഠിക്കാനെത്തുന്നതെന്ന് ക്ലാസ് ടീച്ചര്‍മാര്‍ ഉറപ്പുവരുത്തണം. വിക്ടേഴ്‌സ് ചാനലിലെ ക്ലാസിനുശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ചുമതല കൂടി സെന്ററില്‍ ഡ്യൂട്ടിക്കെത്തുന്ന അധ്യാപകര്‍ക്ക് നല്‍കണം.

കുട്ടികളുടെ ഹാജര്‍ നില ഉറപ്പാക്കുകയും ക്ലാസിലെത്താത്ത കുട്ടികളുടെ രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുകയും വേണം. പൊതുകേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ മാത്രമേ സ്‌കൂളുകളിലും അയല്‍ വീടുകളിലും സൗകര്യമരുക്കുന്ന കാര്യം ആലോചിക്കാവൂ. തങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ കേന്ദ്രം എന്ന ബോധത്തോടെയാവണം കുട്ടികള്‍ ക്ലാസ് കാണാനെത്തുന്നത്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, എ ഇ ഒ, ബി പി സി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത്തല മോണിറ്ററിംഗ് സമിതി രൂപീകരിക്കാനും തീരുമാനിച്ചു. മലയോര പ്രദേശങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ കൂടുതലായും ആരംഭിക്കുക. പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകൾക്കു കീഴിലുള്ള വിജ്ഞാന്‍വാടികളെയും പ്രീ-മെടിക് ഹോസ്റ്റലുകളെയും പഠനകേന്ദ്ര ങ്ങളാക്കും. കേബിള്‍ കണക്ഷനില്ലാത്ത സ്ഥലങ്ങളില്‍ ഉടനെതന്നെ കണക്ഷനെത്തിക്കും.

ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി പി മിനി, ഹയര്‍ സെക്കണ്ടറി ആര്‍ ഡി ഡി ഗോകുലകൃഷ്ണന്‍, വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ശെല്‍വ മണി, എസ്എസ്‌കെ ഡി പി സി ഡോ . എ കെ അബ്ദുള്‍ ഹക്കീം, മുനിസിപ്പാലിറ്റികളിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Topics

Share this story