Times Kerala

പന്തുച്ചുരണ്ടല്‍; കോച്ചിന് രക്ഷയായത്‌ തെറിവിളി

 

ബംഗളൂരു : ഓസീസ് താരങ്ങള്‍ പന്തുചുരണ്ടി കൃത്രിമം കാണിച്ച സംഭവത്തില്‍ കോച്ച് ഡാരന്‍ ലേമാന് അനുഗ്രഹമായത് ആ സമയത്തെ തെറിവിളി. പന്തിലെ കൃത്രിമം പുറത്തായതിന് തൊട്ടുപിന്നിലെ, ‘വാട്ട് ദ ഹെല്‍ ഈസ് ഗോയിങ് ഓണ്‍’ (ഹെല്ലിന് പകരം രൂക്ഷമായ ഒരു തെറിപ്പദമാണ് അദ്ദേഹം ഉപയോഗിച്ചത്) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് ലേമാന് അറിവുണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അച്ചടക്ക നടപടികളില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ ക്യാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

ഇവരുടെ പങ്ക് വ്യക്തമായതിനാലും കുറ്റസമ്മതത്തെ തുടര്‍ന്നുമായിരുന്നു ഇത്. തട്ടിപ്പ് നടത്തുന്നതിനെക്കുറിച്ച് മറ്റാര്‍ക്കും അറിവില്ലായിരുന്നുവെന്നാണ് മൂവരുടെയും മൊഴി. എന്നാല്‍ കോച്ച് ലേമാന് പങ്കുണ്ടോയെന്നും വിശദമായ അന്വേഷണം നടന്നു. എന്നാല്‍ ആ സമയത്തെ അദ്ദേഹത്തിന്റെ തെറിവിളിയാണ് ലേമാന് തുണയായത്.

സംഭവം ഇങ്ങനെ. 121 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക ലീഡില്‍ നില്‍ക്കുന്നു. പന്ത് ചുരണ്ടി റിവേഴ്‌സ് സ്വിങ്ങ് കണ്ടെത്തി ദക്ഷിണാഫ്രിക്കയെ കുരുക്കുകയെന്നതായിരുന്നു സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റും പദ്ധതിയിട്ടത്. ബോളില്‍ തട്ടിപ്പ് നടത്താന്‍ ചുമതലപ്പെട്ട ബാന്‍ക്രോഫ്റ്റ് പന്ത് കയ്യില്‍ കിട്ടിയപ്പോഴൊക്കെ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ചുരണ്ടി.

ക്യാമറാ കണ്ണുകള്‍ ബാന്‍ക്രോഫ്റ്റിനെ ശ്രദ്ധിക്കില്ലെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബാന്‍ക്രോഫ്റ്റ് എന്തോ ഒളിപ്പിക്കുന്നത് അവിചാരിതമായി ക്യാമറയില്‍ കുടുങ്ങി.പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച സാന്‍ഡ് പേപ്പര്‍ അടിവസ്ത്രത്തില്‍ ഒളിപ്പിക്കുന്നതാണ് പതിഞ്ഞത്. താരം പന്ത് ചുരണ്ടുന്നതും ക്യാമറകള്‍ ഒപ്പിയെടുത്തു.സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഇത് വ്യക്തമായി വരികയും ചെയ്തു. ഈ വിവരം ബാന്‍ക്രോഫ്റ്റിനെ അറിയിക്കാന്‍ പന്ത്രണ്ടാമനായ പീറ്റര്‍ ഹാന്‍ഡ്‌കോംബ് മൈതാനത്തേക്കോടി. അപ്പോഴാണ് വാക്കി ടോക്കിയില്‍ ലേമാന്‍ പീറ്ററിനോട് വാട്ട് ദ ഫ* ** ഈസ് ഗോയിങ് ഓണ്‍ എന്ന് ചോദിക്കുന്നത്.

അന്വേഷണത്തിനിടെ ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് കൃത്രിമം സംബന്ധിച്ച് ലേമാന് മുന്‍കൂര്‍ അറിവുണ്ടായിരുന്നില്ലെന്ന് അന്വേഷണസമിതി സ്ഥിരീകരിച്ചത്. ലേമാന്റേത് പൊടുന്നനെയുള്ള സ്വാഭാവിക പ്രതികരണമായിയിരുന്നുവെന്നും അന്വേഷണസമിതി കണ്ടെത്തി.

Related Topics

Share this story