Times Kerala

‘കര്‍ഷകന്റെ കരച്ചിലിന്റെ ശബ്ദത്തോളം വരില്ല ഒരാനയുടെയും ചിന്നം വിളി’; യുവാവിന്റെ കുറിപ്പ്

 
‘കര്‍ഷകന്റെ കരച്ചിലിന്റെ ശബ്ദത്തോളം വരില്ല ഒരാനയുടെയും ചിന്നം വിളി’; യുവാവിന്റെ കുറിപ്പ്

പാലക്കാട്: ഗര്‍ഭിണിയായ ആനയെ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് നല്‍കി കൊന്ന സംഭവം ദേശീയ തലത്തിൽ വരെ വിവാദമാകുന്നതിനിടെ ഇപ്പോള്‍ കര്‍ഷകനെ പിന്തുണച്ച് താരരാജ് ബാബു എന്ന യുവാവ് പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ‘ഒരാന ചിത്രം’. ഒരു സത്യം പറയട്ടെ ആദ്യ കാഴ്ചയില്‍ ഒരു വിഷമം ഉണ്ടായെങ്കിലും തെല്ലൊരു ആശ്വാസമാണ് ആ ചിത്രം എനിക്കു തരുന്നത്. രാവിലെ മുതല്‍ മനുഷ്യന്‍ എന്ന പരാജയം, കൊടും ക്രൂരതയുടെ നേര്‍കാഴ്ച തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഘോരഘോരം എഴുതുന്ന ‘മൃഗസ്‌നേഹികളോട്’ നിങ്ങള്‍ക്കു മുന്‍പില്‍ ഞാന്‍ ഒരു ഓഫര്‍ വയ്ക്കാം. നിങ്ങള്‍ വസിക്കുന്ന ചുറ്റുപാടില്‍നിന്നു ഞങ്ങള്‍ വസിക്കുന്ന മലമടക്കുകളിലേക്കു ‘ഇറങ്ങി’ വരുക. അതിനൊരു സ്ഥലം നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ എന്റെ പക്കലുണ്ട്. അതും പൊതുവിപണിയിലെ വിലയേക്കാള്‍ താഴ്ത്തി തരാനും തയാറാണ്. അങ്ങനെ നിങ്ങള്‍ ഞങ്ങളില്‍ ഒരുവനായി സഹവസിച്ചിട്ടു, നിങ്ങളുടെ നിലപാട് ഇതു തന്നെ ആണെങ്കില്‍, മലയോര ജനത നിങ്ങളെ ശ്രവിക്കും. ഇത് ചെയ്തവന്‍ ആരായാലും അവന്റെ ഉദ്ദേശം എന്തുതന്നെ ആയാലും ആ പ്രദേശത്തെ ജനത്തിന്റെ മനസില്‍ ചെറിയൊരു ആശ്വാസമുണ്ടായി എന്നാണ് എനിക്കു തോന്നുന്നത്.

യഥാര്‍ഥ മൃഗസ്‌നേഹികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. സ്വന്തം മക്കളെപ്പോലെ അവന്റെ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവന്‍. കര്‍ഷകന്‍ എന്നാണ് അവന്റെ വിളിപ്പേര്. രാപകല്‍ ഇല്ലാതെ അധ്വാനിക്കും. ഒടുക്കം വിളവെടുക്കാനാവുമ്പോള്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങി അവന്റെ എല്ലാ സ്വപ്നങ്ങളെയും ചവിട്ടിമെതിക്കും. സര്‍ക്കാര്‍ ആയിട്ട് ഇതിനു യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് അവന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കു മുതിരുന്നത്. ഗതികേടുകൊണ്ടാണ്. അവന്റെ കരച്ചിലിന്റെ ശബ്ദത്തോളം വരില്ല ഒരാനയുടെയും ചിന്നം വിളി…

Related Topics

Share this story