Times Kerala

കോവിഡ് കെയര്‍ സെന്‍ററുകളിലെ ശുചീകരണം; കൂടുതല്‍ പരിശീലനം നല്‍കും

 
കോവിഡ് കെയര്‍ സെന്‍ററുകളിലെ ശുചീകരണം; കൂടുതല്‍ പരിശീലനം നല്‍കും

ആലപ്പുഴ: കോവിഡ് കെയര്‍ സെന്ററുകളിലെ ശുചീകരണം, അണുനശീകരണം എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കോവിഡ് കെയര്‍ സെന്‍ററുകളിലെ ശുചീകരണവും അണുനശീകരണവും കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനായി സന്നദ്ധപ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണവകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൂടുതല്‍ പരിശീലനം നല്കും. അഗ്‌നിശമന സേന, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ശുചിത്വ മിഷന്‍ എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

അണുനശീകരണം നടത്തുന്നതിനായി അഗ്‌നിശമന സേനയ്ക്കും ആരോഗ്യവിഭാഗം കൂടുതല്‍ പരിശീലനം നല്കും. കോവിഡ്‌കെയര്‍ സെന്റര്‍ ശുചീകരിക്കുന്നതിനായി തെരഞ്ഞെടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രത്യേകം പരിശീലനം നല്‍കി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പഞ്ചായത്ത് തലത്തിലാണ് പരിശീലനം നല്കുക.

ശുചീകരണത്തിനുപുറമെ, അന്തേവാസികള്‍ക്കുള്ള ഭക്ഷണ വിതരണം, മാലിന്യ സംസ്‌ക്കരണം എന്നിവ സംബന്ധിച്ചും കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ആളുകളെ ഡിസ്ചാര്‍ജ്ജ് ചെയ്ത ഉടന്‍ തന്നെ മുറി അണുവിമുക്തമാക്കുന്നത് സംബന്ധിച്ചും പ്രത്യേക പരിശീലനം നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്യും. ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, ജില്ല ഫയര്‍ ഓഫീസര്‍ കെ.ആര്‍. അഭിലാഷ്, ഡോ. സൈറു ഫിലിപ്പ്, ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജയകുമാരി, മാസ് മീഡിയ ഓഫീസര്‍ പി.എസ്. സുജ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം ആലപ്പുഴ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് ഇന്ന് (ജൂണ്‍ 3) ആരോഗ്യവകുപ്പ് പരിശീലനം നല്കി. ജില്ലയിലെ ബാക്കി എഴു യൂണിറ്റുകളിലെ പരിശീലനം നാളെ (ജൂണ്‍ 4) നടക്കും

Related Topics

Share this story