Times Kerala

വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം: കെഎസ് യുഎം-ന്‍റെ ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ്-നു തുടക്കമായി

 
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം:  കെഎസ് യുഎം-ന്‍റെ  ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ്-നു തുടക്കമായി

തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വഴി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് തുടര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ആവിഷ്കരിച്ച ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ് പദ്ധതിക്ക് തുടക്കമായി.

സ്റ്റാര്‍ട്ടപ്പുകളും വ്യവസായ സ്ഥാപനങ്ങളും തമ്മില്‍ ദൃഢ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയുടെ ആദ്യപടിയായി സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പ്രോഗ്രാമില്‍ ഇരുപത്തഞ്ചോളം വ്യവസായ അസോസിയേഷനുകളും പ്രമുഖ വ്യവസായങ്ങളും പങ്കെടുത്തു. അസോസിയേഷനില്‍ അംഗങ്ങളായ വ്യവസായങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് തങ്ങളുടെ പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ തേടുക എന്നതാണ് പദ്ധതിയുടെ അടുത്ത പടിയായി ചെയ്യുന്നത്. ഇതിനുള്ള വേദി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെഎസ് യുഎം ഒരുക്കും.

ആദ്യ റൗണ്ട് ടേബിള്‍ സെഷനില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍, കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.

ജി-ടെക്, സിഐഐ, ടൈ കേരള, ഗ്രേറ്റ് മലബാര്‍ ഇനിഷ്യേറ്റിവ്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍, കെഎസ്എസ്ഐഎ കൊച്ചി, ലൈഫ്ലൈന്‍ ചേംബര്‍, എംഎസ്എംഇ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇരുപത്തഞ്ചോളം സംഘടനകള്‍, ബിപിസിഎല്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എന്നിവയുടെ തൊണ്ണൂറോളം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിവേഴ്സ് പിച്ചിങ് എന്ന പ്രക്രിയയിലൂടെ ഓരോ വ്യവസായവും സ്റ്റാര്‍ട്ടപ്പുകള്‍ക്കു മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സെഷനുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. പരമ്പരാഗത, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ പുതിയ സോഫ്റ്റ് വെയറുകള്‍, സേവനങ്ങള്‍, ഉല്പന്നങ്ങള്‍, വിപണനം അടക്കമുള്ള ബിസിനസ് തന്ത്രങ്ങള്‍ എന്നിവയാണ് അവതരിപ്പിക്കപ്പെടുന്നത്.

അംഗവ്യവസായങ്ങള്‍ക്ക് സംഘടനകളിലൂടെയും തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിക്കാം. പരമ്പരാഗത വ്യവസായങ്ങളും ചെറുകിട-ഇടത്തരം വ്യവസായങ്ങളും ഡിജിറ്റല്‍വല്‍ക്കരിക്കാനും ആധുനിക പ്രവര്‍ത്തന മാര്‍ഗങ്ങള്‍ തേടുവാനുമായി സ്റ്റാര്‍ട്ടപ്പുകളെ ഇവരുമായി കെഎസ് യുഎം ബന്ധിപ്പിക്കും. കെഎസ് യുഎം-ന്‍റെ കീഴിലുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുമായി നേരിട്ടു സംവദിക്കുന്നതിനുള്ള അവസരവും വ്യവസായങ്ങള്‍ക്ക് ലഭിക്കും.

Related Topics

Share this story