Times Kerala

വ്രതശുദ്ധിയുടെ നിറവില്‍ മെല്‍ബണ്‍ സെന്‍റെ മേരിസ് ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍ ഹാശാ ശുശ്രൂഷകള്‍

 

എബി പൊയ്ക്കാട്ടി
ലോകമെമ്പാടും ക്രിസ്തീയ സമുഹങ്ങള്‍ യേശുക്രിസ്തുവിന്‍റെ പീഡാനുഭവും ഉയിര്‍പ്പും അനുസ്മരിക്കുന്ന അവസരത്തില്‍ വലിയ നോമ്പിന്‍റെ അനുഗ്രഹീതമായ പര്യവസാനത്തിനായി മെല്‍ബണ്‍ സെന്‍റെ മേരിസ് ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ ഒരുങ്ങുന്നു. പീഡാനുഭവ ആഴ്ചയുടെ പ്രാരംഭമായി ഓശാന ശുശ്രൂഷകള്‍ കത്തീഡ്രലിലും ക്ലേറ്റന്‍ സെന്‍റെ` ഗ്രിഗോറിയോസ് ചാപ്പലിലും നടത്തപെട്ടു. ഈന്തപ്പനയുടെ കുരുത്തോലകള്‍ ഏന്തി ഊശാന പാട്ടുകളുമായി നൂറുകണക്കിനു വിശ്വാസികള്‍ശുശ്രൂഷകളില്‍ പങ്കെടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവിധ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ മദ്രാസ്‌ ഭദ്രാസന മെത്രാപ്പോലീത്തയും, പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്‌ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.

പെസഹായുടെ ശുശ്രൂഷകള്‍ 28ന് ബുധനാഴ്‌ച 6.30നു സന്ധ്യനമസ്കാരത്തോടെ ആരംഭിക്കും. യേശുകിസ്തു തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ അതിമഹത്തായ സംഭവം അനുസ്മരിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷ 29 തീയതി വ്യാഴാഴ്ച വൈകിട്ട് 4.30 ന് ക്ലേറ്റന്‍ ചാപ്പലില്‍ വച്ചു നടത്തപ്പെടും. വലിയ വെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ 30 നു രാവിലെ 8 മണിയോടെ ആരഭിക്കുകയും, ശനിയാഴ്ച രാവിലെ 7.30നു വി. കുര്‍ബാനയോടെ അറിയിപ്പിന്‍റെ ശനിയാഴ്ചയുടെ ശുശ്രൂഷകള്‍ നടത്തപ്പെടും.

ഉയര്‍പ്പ് പെരുന്നാളിന്‍റെ ശുശ്രൂഷകള്‍ 31 നു ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിക്കും. മെല്‍ബണിലെ വിവിധസ്ഥലങ്ങളില്‍ നിന്നുള്ള ആയിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന പീഡാനുഭവ ആഴ്ചയിലെ ശുശ്രൂഷകളുടെ അനുഗ്രഹകരവും സുഗമവുമായ നടത്തിപ്പിനു സഹ. വികാരി റവ. ഫാ. സജു ഉണ്ണൂണ്ണി,കൈക്കാരന്‍ ശ്രീ. എം സി ജേക്കബ്‌, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു എന്ന് വികാരി റവ. ഫാ.പ്രദീപ്‌ പൊന്നച്ചന്‍ അറിയിച്ചു.

Related Topics

Share this story