Times Kerala

ഷീബയെ തലക്കടിച്ചും,ഷോക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയത് തിങ്കളാഴ്‌ച രാവിലെ; കൊലപാതകത്തിന് ശേഷം കൊണ്ടുപോയ വാഗണർ കാറിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രം; സി.സി. ടി.വി. ദൃശ്യങ്ങൾ പൊലീസിന്

 
ഷീബയെ തലക്കടിച്ചും,ഷോക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയത് തിങ്കളാഴ്‌ച രാവിലെ; കൊലപാതകത്തിന് ശേഷം കൊണ്ടുപോയ വാഗണർ കാറിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രം; സി.സി. ടി.വി. ദൃശ്യങ്ങൾ പൊലീസിന്

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചും ഷോക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയത് തിങ്കളാഴ്ച രാവിലെയോടെയെന്ന് സൂചന. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം പുറത്തറിഞ്ഞതെങ്കിലും രാവിലെയാണ് ദമ്പതിമാരെ ആക്രമിച്ചതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഇവരുടെ കാര്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സമീപത്തെ സി.സി. ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ആക്രമണം നടന്ന വീട്ടിൽ വീട്ടില്‍ ചൊവ്വാഴ്ച ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും ചൊവ്വാഴ്ച വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഡി.ഐ.ജി. മഹേഷ് കുമാര്‍ കാളിരാജും സംഭവസ്ഥലം സന്ദര്‍ശിച്ചു. എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായും അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യുടെ ഭര്‍ത്താവ് സാലി (65) ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മക്കൾ വിദേശത്തായതിനാൽ ദമ്പതിമാര്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട നിലയിലായിരുന്നു. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറാണ് കടത്തിക്കൊണ്ട് പോയിരിക്കുന്നത്. സാലിയുടെ സഹോദരന്റെ സമീപത്തുള്ള ഒഴിഞ്ഞ വീട് വാടകയ്‌ക്കെടുക്കാന്‍ വന്നവര്‍ പാചകവാതകത്തിന്റെ ഗന്ധത്തെക്കുറിച്ച് സമീപവാസികളെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍, രക്തത്തില്‍ കുളിച്ച് കൈകാലുകള്‍ കെട്ടിയനിലയില്‍ കൊല്ലപ്പെട്ട ഷീബയെയും ഭർത്താവിനെയും ഹാളില്‍ കണ്ടെത്തി.

മാത്രമല്ല, മൃതദേഹം കിടന്ന മുറിയില്‍ ഫാനിന്റെ ചിറക് ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. കൈകാലുകള്‍ ഇരുമ്പുകമ്പികൊണ്ട് കൂട്ടിക്കെട്ടിയിരുന്നു. ഇരുമ്പുകമ്പിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ മെയിന്‍ സ്വിച്ച് ഓഫ്‌ചെയ്താണ് മൃതദേഹം എടുത്തത്. ഷോക്കേല്‍പ്പിച്ചതിന്റെ അടയാളങ്ങള്‍ ഷീബയുടെ ശരീരത്തില്‍ വ്യക്തമാണ്.

Related Topics

Share this story