Times Kerala

നിയമപോരാട്ടത്തിനൊടുവില്‍ വീട്ടുജോലിക്കാരി സ്വന്തമാക്കിയത് അഞ്ച് കോടി

 

കാലിഫോര്‍ണിയ :കോടതി വിധിയിലൂടെ ഒരു വീട്ടുജോലിക്കാരിക്ക് തന്റെ ശമ്പള കുടിശ്ശികയായി ലഭിച്ചത് അഞ്ച് കോടിയിലധികം രൂപ. അമേരിക്കയില്‍ ഒരു ഡോക്ടര്‍ കുടുംബത്തിന്റെ പക്കല്‍ വീട്ടു ജോലിക്ക് നിന്നിരുന്ന ഫിലിപ്പൈന്‍ സ്വദേശിനിയായ ലിന്‍ഡാ അല്‍സാത്തെ എന്ന യുവതിക്കാണ് ഇത്ര ഭീമമായ തുക മുടങ്ങിക്കിടന്ന ശമ്പളയിനത്തില്‍ നല്‍കാന്‍ യുഎസ്സിലെ ഒരു കോടതി ഉത്തരവിറക്കിയത്.

അമേരിക്കയിലെ ഒരു ഡോക്ടര്‍ കുടംബത്തിലായിരുന്നു ലിന്‍ഡാ ജോലി ചെയ്ത് വന്നിരുന്നത്. ഡോക്ടര്‍ കുടുംബത്തിന്റെ ഓട്ടിസം ബാധിച്ച രണ്ട് കുട്ടികളുടെ മുഴുവന്‍ സമയ പരിപാലകയായിരുന്നു ലിന്‍ഡാ. കൂടാതെ തുണി അലക്കലും, ഭക്ഷണം പാകം ചെയ്യലുമടക്കം എല്ലാ വീട്ടു ജോലികളും യുവതി തനിച്ച് ചെയ്യണമായിരുന്നു.

എല്ലാ ദിവസവും കുറഞ്ഞത് 18 മണിക്കൂറിലെങ്കിലും താന്‍ ജോലിയിലായിരുന്നെന്ന് യുവതി പറയുന്നു. 2002 മുതലാണ് ലിന്‍ഡാ ഇവരുടെ വീട്ടില്‍ ജോലിക്ക് നിന്നത്. ഒരു മണിക്കൂറിന് 2 ഡോളറാണ് യുവതിക്ക് കുടുംബം നല്‍കിയിരുന്നത്. കുറഞ്ഞത് 10 ഡോളറെങ്കിലും ഒരു മണിക്കൂറില്‍ വീട്ട് വേലക്കാര്‍ക്ക് ശമ്പളയിനത്തില്‍ നല്‍കണമെന്ന നിയമം ഉള്ളപ്പോഴാണ് ലിന്‍ഡയോട് ഈ കുടുംബം ഇത്ര ക്രൂരത കാണിച്ചത്.

എട്ട് മണിക്കൂര്‍ ജോലിക്ക് ശേഷമുള്ള ഓരോ അധിക മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കണമെന്ന് നിയമമുണ്ടായിരുന്നു എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും അവധി നല്‍കിയിരുന്നില്ല. മൂന്നോ നാലോ മാസം മുന്‍പേ പറഞ്ഞു കഴിഞ്ഞാല്‍ മാത്രമേ ഒരു ദിവസത്തെ അവധി അനുവദിച്ച് തരുമായിരുന്നുള്ളു. 2014 ല്‍ ലിന്‍ഡാ ഈ ജോലി ഉപേക്ഷിക്കുമ്പോള്‍ നിന്നും ഇറങ്ങുമ്പോള്‍ 3000 ഡോളറായിരുന്നു ലിന്‍ഡയുടെ മാസശമ്പളം.

അധിക സമയത്തിന് പണവും നല്‍കിയിരുന്നില്ല. ഓട്ടിസം ബാധിച്ച കുട്ടികള്‍ പലപ്പോഴും രാത്രി ഞെട്ടി ഉണരുന്നത് കാരണം ജോലി ചെയ്ത് തളര്‍ന്ന് യുവതിക്ക് മതിയായി ഉറങ്ങാനും സാധിച്ചിരുന്നില്ല. ഡോക്ടര്‍ ദമ്പതിമാര്‍, കുട്ടികളെ തിരിഞ്ഞ് പോലും നോക്കാറുണ്ടായിരുന്നില്ലായെന്നും യുവതി പറയുന്നു.

ലിന്‍ഡ ഇറങ്ങിക്കഴിഞ്ഞതിന് ശേഷം മൂന്ന് പേരെയാണ് വീട്ടു ജോലിക്കാരായി കുടുംബം നിയോഗിച്ചത്. ലിന്‍ഡ തനിച്ച് ചെയ്തിരുന്ന ജോലികളായിരുന്നു ഇവര്‍ മൂന്ന് പേരും ചെയ്യേണ്ടിയിരുന്നത്. എന്നാലും ഇവര്‍ക്കും മാന്യമായ പ്രതിഫലം ലഭിക്കുന്നുണ്ടായിരുന്നില്ല. യാദൃശ്ചികമായി ലിന്‍ഡയുടെ കഥ കേള്‍ക്കാനിടയായ അമേരിക്കയിലെ ഫിലിപ്പൈനി സ്വദേശിയായ അഭിഭാഷകനാണ് നിയമ വശങ്ങളെ കുറിച്ച് യുവതിയെ ബോധ്യപ്പെടുത്തിയത്.

അതു വരെ താന്‍ ഇത്രയും പണം ലഭിക്കുവാന്‍ അര്‍ഹയാണെന്ന കാര്യം പോലും ലിന്‍ഡയ്ക്ക് അറിയുമായിരുന്നില്ല. ലിന്‍ഡയുടെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ട യു എസ്സ് കോടതി 827,506 ഡോളര്‍ മുടങ്ങിക്കിടക്കുന്ന ശമ്പളയിനത്തില്‍ നല്‍കണമെന്ന് ഡോക്ടര്‍ കുടുംബത്തിന് പിഴ വിധിക്കുകയായിരുന്നു. അതായത് 5,36,77,748.95 ഇന്ത്യന്‍ രൂപ.

Related Topics

Share this story