Times Kerala

ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ; മന്ത്രി ജി.സുധാകരന്‍

 
ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേയ്ക്ക്  ; മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ നിവാസികളുടെ സ്വപ്നമായ ബൈപ്പാസിന്റെ കുതിരപ്പന്തി ഭാഗത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഭാഗമായ രണ്ട് റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരു ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഒന്നാമത്തെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. രണ്ടാം ഓവര്‍ബ്രിഡ്ജിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ഉന്നയിച്ചിരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കാലതാമസം നേരിട്ടിരുന്നു. അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റെയില്‍വേ മന്ത്രിയ്ക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെയും ഫലമായാണ് ഇപ്പോള്‍ അനുമതി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.
അനുമതി ലഭ്യമായതോടെ എത്രയും വേഗം ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുമെന്നും രണ്ട് മാസം കൊണ്ട് ഓവര്‍ബ്രിഡ്ജിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കളര്‍കോട്, കൊമ്മാടി എന്നീ ജംഗ്ഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ 70 ശതമാനം പൂര്‍ത്തിയായതായും എത്രയും വേഗം ബാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഓഗസ്റ്റ് മാസത്തോടെ ബൈപ്പാസ് നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Related Topics

Share this story