Times Kerala

പരിസ്ഥിതി ദിനത്തില്‍ വിതരണത്തിനായി 13,74,648 ഫലവൃക്ഷ തൈകള്‍ തയാറായി

 
പരിസ്ഥിതി ദിനത്തില്‍ വിതരണത്തിനായി 13,74,648 ഫലവൃക്ഷ തൈകള്‍ തയാറായി

മലപ്പുറം : ലോക പരിസ്ഥിതി ദിനത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യാന്‍ 13,74,648 ഫലവൃക്ഷ തൈകള്‍ തയാറായി. സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് തൈകള്‍ തയ്യാറാക്കിയത്. ജില്ലയില്‍ രണ്ടു ഘട്ടങ്ങളിലായാണ് തൈകള്‍ വിതരണം ചെയ്യുന്നത്.
തൈകളുടെ ഒന്നാം ഘട്ട വിതരണം ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും. കൃഷി വകുപ്പിന്റെ ഫാമുകള്‍, വി.എഫ്.പി.സി.കെ, കേരള സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍, കാര്‍ഷിക കര്‍മ്മ സേനകള്‍, എം.എന്‍.ആര്‍.ഇ.ജി.എസ് എന്നിവയിലൂടെ ഉത്പാദിപ്പിക്കപ്പെട്ട 6, 41,138 തൈകള്‍ ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യും. പ്ലാവ്, മാവ്, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, നേന്ത്രവാഴ, ഞാലിപ്പൂവന്‍ കന്നുകള്‍ എന്നിവയാണ് വിതരണത്തിന്ന് തയാറായിട്ടുള്ളത.് ജൂലൈ ആദ്യവാരം ആരംഭിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 7,33,510 തൈകള്‍ വിതരണം ചെയ്യും.
കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല എന്നിവയിലൂടെ ഉത്പാദിപ്പിക്കുന്ന ഗ്രാഫ്റ്റുകള്‍, ലെയറുകള്‍, ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ എന്നിവയ്ക്ക് 25 ശതമാനം വില ഈടാക്കിയാണ് വിതരണം ചെയ്യുക. മറ്റ് ഫലവൃക്ഷത്തൈകള്‍ പൂര്‍ണമായി സൗജന്യമായി വിതരണം ചെയ്യും. തൈകള്‍ ലഭിക്കാന്‍ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story