Times Kerala

ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രിമുതൽ;ആലപ്പുഴ ജില്ലയിൽ കൺട്രോൾ റൂം തുറന്നു

 
ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രിമുതൽ;ആലപ്പുഴ ജില്ലയിൽ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽവരും. ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് മൺസൂൺ കാല ട്രോളിങ് നിരോധനം നടപ്പാക്കുക. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആലോചിക്കുന്നതിന് കളക്ട്രേറ്റില്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍,‍ പോലീസ്,ട്രേഡ് യൂണിയൻ നേതാക്കള്‍, ഫിഷറീസ് ജില്ലാതല ഉദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.

ജില്ലയില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫിഷറീസ് ജില്ലാ ഓഫീസിൽ തുടങ്ങിയ കൺട്രോൾ റൂമിലേക്ക് 04772251103എന്ന നമ്പറിൽ വിളിക്കാം. അപകട വിവരങ്ങൾ ഇവിടെ അറിയിക്കാവുന്നതാണ്. നിരോധന വേളയിൽ കടല്‍ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പെട്രോളിനുമായി ജില്ലയിൽ രണ്ട് സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കുവാൻ അനുമതി ലഭിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച 6 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാസേന അംഗങ്ങളായി രക്ഷാപ്രവർത്തനത്തിന് ജില്ലയിൽ നിയോഗിക്കും. വാടകയ്ക്കെടുക്കുന്ന ബോട്ടുകള്‍ അഴീക്കല്‍, ചെല്ലാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
ട്രോളിങ് നിരോധമുള്ള സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. അയൽ സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് കേരളതീരം വിട്ടു പോകുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാര്‍ബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ ബങ്കുകൾ പൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കും.

Related Topics

Share this story