Times Kerala

സ്വയം നിര്‍മ്മിച്ച റോക്കറ്റില്‍ ആകാശത്തേക്ക്

 

കാലിഫോര്‍ണിയ :ഭൂമിയെ കുറിച്ചുള്ള ഒരു ചെറിയ സംശയം തീര്‍ക്കാന്‍ ഒരു സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞന്‍ ചെയ്ത കാര്യം കേട്ടാല്‍ ആരും അന്തം വിട്ടു പോകും. അമേരിക്കന്‍ സ്വദേശിയായ മൈക്ക് ഹ്യൂഗസ് എന്ന സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞനാണ് തന്റെ വേറിട്ട വഴികളിലൂടെ ഏവരെയും അമ്പരപ്പിക്കുന്നത്.

ഭൂമി ഗോളാകൃതിയിലല്ല മറിച്ച് പരന്നതാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്താണ് ആ വാദത്തിന്റെ പുറകിലെ അടിസ്ഥാന തത്വം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹത്തിന് ഒറ്റ ഉത്തരമേയുള്ളു. ഞാന്‍ അത്തരത്തില്‍ വിശ്വസിക്കുന്നു. അത് ശരിയാണോയെന്ന് ഉറപ്പ് വരുത്തുവാന്‍ തനിക്ക് ബഹിരാകാശത്തേക്ക് പോകണം.

ബഹിരാകാശത്തേക്ക് പോകുവാന്‍ ഇദ്ദേഹം കണ്ടു പിടിച്ച വഴിയും രസകരമാണ്. സ്വന്തമായി ഒരു റോക്കറ്റ് ഉണ്ടാക്കുക, എന്നിട്ട് അതില്‍ കയറി ബഹിരാകാശത്തേക്ക് എത്തുക. ഇതിനായി അദ്ദേഹം റോക്കറ്റുകളും ഉണ്ടാക്കി. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലും സാങ്കേതിക പ്രശ്‌നങ്ങളാലും രണ്ട് പ്രാവശ്യം റോക്കറ്റ് ലോംഞ്ചിംഗിന്റെ തൊട്ടു മുന്‍പ് മൈക്കിന് തന്റെ ഉദ്യമം മാറ്റി വെക്കേണ്ടി വന്നു.

ഈ സ്വഭാവം കൊണ്ടു തന്നെ ‘ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍’ എന്നാണ് ഇദ്ദേഹം അമേരിക്കയില്‍ പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹം റോക്കറ്റില്‍ കയറി ആകാശത്തേക്ക് വിട്ടു. കാലിഫോര്‍ണിയക്കടുത്തുള്ള ആംമ്പോയ് നഗരത്തിലെ ഒരു മരുഭൂമിയില്‍ വെച്ചായിരുന്നു റോക്കറ്റ് ലോംഞ്ചിംഗ്.

മാധ്യമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ഈ ടേക്ക് ഓഫിന് സാക്ഷികളാകാന്‍ മരുഭൂമിയില്‍ എത്തിച്ചേര്‍ന്നിരുന്നു. പറന്ന് ഭൂമിയില്‍ നിന്ന് 1,875 അടി മുകളിലെത്തുമ്പോഴേക്ക് തന്നെ റോക്കറ്റ് താഴേക്ക് പതിക്കാന്‍ തുടങ്ങി. കൈവശമുണ്ടായിരുന്ന പാരച്യൂട്ടിന്റെ സഹായത്താലാണ് ഇദ്ദേഹത്തിന്റെ ജീവന്‍ തിരിച്ച് കിട്ടിയത്.

ഭൂമിയിലേക്ക് കുതിച്ചിറങ്ങിയ മൈക്ക് ഹ്യൂഗ്‌സിനെ മെഡിക്കല്‍ സംഘമെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് ഒരു സ്വപ്‌നത്തില്‍ നിന്നും ഉറങ്ങി എണീറ്റത് പോലെ തോന്നുന്നുവെന്നും വേഗം വീട്ടിലേക്ക് എത്തണം, ഒന്ന് സുഖമായി ഉറങ്ങണം ഇതായിരുന്നു മൈക്കിന്റെ സംഭവത്തിന് ശേഷമുള്ള ആദ്യ പ്രതികരണം.

എന്നാല്‍ ഇതു കൊണ്ടൊന്നും മൈക്ക് തളരില്ല എന്ന നിലപാടിലാണ്. ബലൂണ്‍ നിറച്ച് റോക്കൂണ്‍ എന്ന ഒരു തരം റോക്കറ്റ് നിര്‍മ്മിച്ച് ആകാശത്തില്‍ കൂടുതല്‍ ഉയരത്തിലേക്ക് നീങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അദ്ദേഹം.

Related Topics

Share this story