Times Kerala

ഇടുക്കി ജില്ലയിൽ പരീക്ഷാ മുന്നൊരുക്കങ്ങളില്‍ സജീവമായി വിദ്യാലയങ്ങൾ

 
ഇടുക്കി ജില്ലയിൽ പരീക്ഷാ മുന്നൊരുക്കങ്ങളില്‍ സജീവമായി  വിദ്യാലയങ്ങൾ

 ഇടുക്കി :   കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർസെക്കൻഡറിപരീക്ഷകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്‌കൂളുകളും പരിസരവും അണുവിമുക്തമാക്കി. രാജകുമാരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള യുവജന സന്നദ്ധസേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂളിലെ മുഴുന്‍ ക്ലാസ് റൂം, ശുചിമുറി എന്നിവ അണുവിമുകത്മാക്കിയും കാടുകയറിയ സ്‌കൂള്‍ പരിസരം വൃത്തിയാക്കിയുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാജക്കാട് സബ് ഇന്‍സ്‌പെക്ടര്‍ പി.ഡി അനൂപ് മോന്‍ ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.

രാജക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അടിമാലി അഗ്നിരക്ഷാ സേനയുടെ നേൃത്വത്തില്‍ സ്‌കൂളും പരിസരവും അണുവിമുക്തമാക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ ഫോണിലൂടെ ബന്ധപ്പെട്ട് വിവാരാന്വേഷണവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊണ്ട് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് അയക്കണമെന്നും, ഗതാഗത സൗകര്യങ്ങളെ കുറിച്ച് ആരാഞ്ഞ് സ്‌കൂളിലെ വാഹന സൗകര്യങ്ങളെ കുറിച്ച് രക്ഷിതാക്കളെ അറിയിച്ചതായും പ്രധാന അധ്യാപകര്‍ പ്രതികരിച്ചു.

മാസ്‌ക് ധരിച്ച് സ്‌കൂളില്‍ എത്തണമെന്ന നിര്‍ദേശത്തിന് പുറമെ സ്‌കൂളുകളിലെ എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകളുടെയും ബി.ആര്‍.സിയുടെയും നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്‌കുകളും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് കൈകള്‍ കഴുകുന്നതിന് സാനിറ്റൈസറും, സ്ഥിര സംവിധാനത്തിന് പുറമേ താത്കാലിക പൈപ്പുകളും സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പുറമേ പരീക്ഷ ഇല്ലാത്ത മറ്റ് സ്‌കൂളുകളുടെ വാഹനങ്ങളും പരീക്ഷാ നടത്തിപ്പിന് വേണ്ടി നല്‍കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പനി, ജലദോഷം തുടങ്ങി എന്തെങ്കിലും രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേകം ക്ലാസ് മുറികള്‍ നല്‍കും. വിദ്യാര്‍ത്ഥികളുടെ രോഗവിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കും. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികള്‍ എന്‍ആര്‍സിറ്റി സ്‌കൂളിലും ഒരു വിദ്യാര്‍ത്ഥി രാജക്കാട് ഗവണ്‍മെന്റ് സ്‌കൂളിലും എസ്എസ്എല്‍സി പരീക്ഷ എഴുതുന്നുണ്ട്. അഞ്ച് പേരും ഇടുക്കി സ്വദേശികളാണ്. ഇവരില്‍ രണ്ട് പേര്‍ സായ് കായിക വിദ്യാലയത്തില്‍ പഠിക്കുന്നവരാണ്.

Related Topics

Share this story