Times Kerala

പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി

 
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി

തിരുവനതപുരം :   പ്രതിപക്ഷത്തെ തുടർന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ എല്ലാ നല്ല കാര്യങ്ങൾക്കും പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുന്നതിന് സർക്കാരിന് ഒരു പ്രയാസവുമില്ല. പ്രതിപക്ഷം നാടിന്റെ ഭാഗമാണ്. നാട് അഭിവൃദ്ധിപ്പെടാൻ വേണ്ടിയാണ് അവരും നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചത്. പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിക്കുന്നതിന് ആർക്കും ഒരു പ്രശ്നവുമില്ല. പക്ഷേ, വിളിക്കാൻ ആലോചിക്കുമ്പോൾ തന്നെ വിളിച്ചിട്ട് എന്താ കാര്യം എന്ന് തോന്നുന്ന പ്രതീതി ഉണ്ടാക്കാൻ പാടില്ലെന്ന് മാത്രം. എല്ലാ കാര്യത്തിലും ഒരു നെഗറ്റീവ് സമീപനം എല്ലാക്കാലത്തും നമ്മുടെ നാട്ടിൽ ആരും സ്വീകരിക്കാൻ പാടില്ല. എതിർക്കേണ്ട കാര്യങ്ങളെ എതിർക്കണം. അതിനെ ആരും ചോദ്യം ചെയ്യില്ല. അതിൽ ശരിയുണ്ടെങ്കിൽ സർക്കാർ സ്വീകരിക്കും. പ്രതിപക്ഷത്ത് ക്രിയാത്മകമായി ചിന്തിക്കുന്ന ധാരാളം പേരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ കാലത്ത് തന്റെ ജൻമദിനത്തിനൊന്നും പ്രസക്തിയില്ലെന്നും നാട് നേരിടേണ്ടി വരുന്ന പ്രശ്നമാണ് പ്രധാനമായി കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story