Nature

പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവാവ് മരിച്ചു

news

കൊച്ചി : പച്ചാളത്ത് ഓട്ടോഡ്രൈവറുടെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ യുവാവ് മരിച്ചു . ചേര്‍ത്തല എഴുപുന്ന കോതേക്കാട്ടുവീട്ടില്‍ കെ ആര്‍ റെജിന്‍ദാസാണ് (34) ചികിത്സയിലിരിക്കെ മരിച്ചത് . ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ റെജിന്‍ദാസിന് ലൂര്‍ദ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു . മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി .

ലൂര്‍ദ് ആശുപത്രിയില്‍ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന റെജിന്‍ദാസ് പച്ചാളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു . കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് പച്ചാളത്ത് ഷണ്മുഖപുരം സഹകരണ ബാങ്കിനുസമീപത്തെ തട്ടുകടയില്‍ നില്‍ക്കുമ്പോഴാണ് ഓട്ടോഡ്രൈവര്‍ ഫിലിപ്പ് പെട്രോള്‍ ബോംബെറിച്ചത് . ഓട്ടോ ഓടിച്ചുവന്ന ഫിലിപ്പ് പെട്രോള്‍ നിറച്ച കുപ്പിയില്‍ തീകൊളുത്തി തട്ടുകട ഉടമ പങ്കജാക്ഷനുനേരെ എറിയുകയായിരുന്നു . ഇവര്‍ അയല്‍വാസികളാണ് . എന്നാല്‍, റെജിന്‍ദാസിന്റെ ദേഹത്താണ് പെട്രോള്‍ ബോംബ് വീണത് . ശരീരമാകെ തീപടര്‍ന്ന റെജിന്‍ദാസ് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു . എന്നാല്‍, തീ ആളിപ്പടര്‍ന്നതോടെ വീണു . തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു . തട്ടുകട ഉടമ പച്ചാളം പാറയ്ക്കല്‍വീട്ടില്‍ പങ്കജാക്ഷനും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണം നടത്തിയ ഫിലിപ്പിന് മാനസികപ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. ഇയാള്‍ പിന്നീട് അല്‍പ്പമകലെയുള്ള എടിഎം കൗണ്ടറിലുള്ള സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടിരക്ഷപ്പെട്ടു . പിന്നീട് വടുതല കര്‍ഷകറോഡിലെ വീടിനടുത്തെത്തിയ ഫിലിപ്പ് സ്വന്തം ദേഹത്തും ഓട്ടോയിലും പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യ ചെയ്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.