Times Kerala

മലയാളി വീട്ടമ്മയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 

അല്‍ഹസ്സ: മലയാളി വീട്ടമ്മയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിനി സുവര്‍ണ(43)യാണ് സൗദി അറേബ്യയിലെ ഹഫൂഫില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യയാണ് സുവര്‍ണ. ഭര്‍ത്താവിനോടും മക്കളോടുമൊപ്പം ഏഴു വര്‍ഷമായി സൗദിയില്‍ താമസിക്കുന്ന ഇവര്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മകളെ രാവിലെ സ്‌കൂളിലേക്ക് അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

പരീക്ഷ കഴിഞ്ഞ് മടങ്ങി വന്ന മകള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനാല്‍ അച്ഛനെ വിവരമറിയിക്കുകയും ജനല്‍ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. ആദ്യം കൈ ഞരമ്പ് മുറിച്ചതായി കണ്ടെത്തി. മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൂത്ത മകള്‍ സാന്ദ്ര നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ജയരാജന്‍ വൃക്ക രോഗത്തിന് ചികിത്സയിലാണ്. റുഗെഗ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കിങ് ഫഹദ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് നവോദയ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു.

Related Topics

Share this story