Times Kerala

ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്, ആ മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം’: കെ കെ ശൈലജ

 
ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്, ആ മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം’: കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡ‍് 19ന് മുമ്പ് കേരളത്തിന് വെല്ലുവിളിയായെത്തിയ നിപ എന്ന മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം തികയുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ടെന്ന് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…

ലിനി ഓർമ്മയായിട്ട് ഇന്ന് 2 വർഷം പൂർത്തിയാവുകയാണ്. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്.
തന്നെ വൈറസ് ബാധിച്ചത് തന്റെ തെറ്റ് അല്ലായിരിക്കാം, പക്ഷേ, തന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് പൂർണമായും തന്റെ തെറ്റും ശ്രദ്ധക്കുറവുമാണെന്ന ബോധ്യം നമ്മളിൽ ഉണ്ടാക്കാൻ ലിനിയുടെ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്. നിപ വൈറസ് ലിനിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്.
ആത്മധൈര്യത്തോടെ പറയാൻ കഴിയും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടവും നമ്മൾ വിജയിക്കുക തന്നെ ചെയ്യും. പ്രിയ ലിനിക്ക് ആദരാഞ്ജലികൾ….

Related Topics

Share this story