Times Kerala

ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുമായി ബന്ധം; സ്വർണാഭരണങ്ങൾ പലതും കാണാനില്ല; പാമ്പുകടിയേറ്റു മരിച്ച ഉത്തരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം

 
ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുമായി ബന്ധം; സ്വർണാഭരണങ്ങൾ പലതും കാണാനില്ല; പാമ്പുകടിയേറ്റു മരിച്ച ഉത്തരയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം

കൊല്ലം: അഞ്ചലില്‍ കിടപ്പ് മുറിയില്‍ ഉറക്കത്തിനിടെ യുവതി ദുരൂഹ സാഹചര്യത്തില്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ ഏഴിന് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര (25)യുടെ മരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുായി ബന്ധമുണ്ടെന്നും നേരത്തെ ഭര്‍തൃ വീട്ടില്‍വെച്ചും ഉത്രക്ക് പാമ്പ് കടിയേറ്റതില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഏഴിന് കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. എ സിയുള്ള മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.കഴിഞ്ഞ മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്. ഇതിനിടെ വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു.

യുവതിക്ക് പാമ്പ് കടിയേറ്റ് മരിച്ച ദിവസം ഭര്‍ത്താവ് സൂരജും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. അഞ്ചല്‍ സിഐ മുമ്പാകെ നല്‍കിയ പരാതിയില്‍ മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാതെ പോയെന്നും പിതാവ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണാഭരണം എവിടെ പോയി എന്നതിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കാനാണ് സാധ്യത.

മാർച്ച് രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽനിന്ന്‌ ഉത്രക്ക്‌ അണലികടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയിലായതിനാലാണ്‌ ഉത്ര സ്വന്തം വീട്ടിൽ വന്നത്‌. രണ്ടാംതവണ പാമ്പുകടിയേൽക്കുമ്പോൾ എസി മുറിയിലായിരുന്നു കിടന്നത്‌. രണ്ടുവർഷം മുമ്പാണ് സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. ഒരു വയസ്സുള്ള മകനുണ്ട്. വിവാഹത്തിനുശേഷം ഭർത്താവും വീട്ടുകാരും പണത്തിനായി ഉത്രയെയും വീട്ടുകാരെയും ശല്യം ചെയ്‌തിരുന്നു.

മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കാൻ ആലോചിച്ചിരിക്കെയാണ് ആദ്യതവണത്തെ പാമ്പുകടി. മുമ്പ്‌ ഭർത്താവ് വീടിന്റെ മുകൾനിലയിൽനിന്ന്‌ മൊബൈൽ ഫോൺ എടുക്കാൻ ഉത്രയെ പറഞ്ഞുവിട്ടപ്പോൾ ചവിട്ടുപടിയിൽ പാമ്പിനെക്കണ്ട്‌ ഉത്ര ബഹളം വച്ചതായും സൂരജ് വടികൊണ്ട് പാമ്പിനെ ചാക്കിലാക്കിയതായും പറയുന്നു.

ആദ്യം പാമ്പുകടിയേറ്റ ദിവസം കാലിൽ വേദന തോന്നുന്നതായി ഉത്ര പറഞ്ഞപ്പോൾ സൂരജ്‌ പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറയുകയായിരുന്നുവത്രെ. പിന്നീട് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിൽ കൊണ്ടുപോയത്‌. ആശുപത്രിയിൽ പരിചരിക്കുന്നതിൽനിന്ന്‌ അച്ഛനമ്മമാരെ സൂരജ് വിലക്കുകയുംചെയ്‌തു. സാധാരണ സൂരജ്‌ എത്തിയാൽ വീടിന്റെ മുകൾനിലയിലാണ്‌ ഉറങ്ങാറുള്ളത്‌. സംഭവദിവസം ഇരുവരും ഒരേമുറിയിലാണ്‌ കിടന്നത്‌. ഒരേ മുറിയിൽ കഴിഞ്ഞിട്ടും പാമ്പുകടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തുകൊണ്ട്‌ അറിഞ്ഞില്ല എന്നതും സംശയകരമാണ്‌ യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പോലീസ്.

Related Topics

Share this story