Times Kerala

ഫോട്ടോ സ്റ്റുഡിയോ തുറക്കാം; തുണിക്കടകൾക്ക്‌ ഇളവ്, സ്വകാര്യ ട്യൂഷൻ പാടില്ല; മുഖ്യമന്ത്രി

 
ഫോട്ടോ സ്റ്റുഡിയോ തുറക്കാം; തുണിക്കടകൾക്ക്‌ ഇളവ്, സ്വകാര്യ ട്യൂഷൻ പാടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി. അതേസമയം ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോകരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് അടക്കം നാട്ടിലെത്തുന്ന എല്ലാവരുടേയും വിവരങ്ങള്‍ പൊലീസും ആരോ​ഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇത് ആ‍ര്‍ക്കും ​ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണശാലകളില്‍ നിന്ന് പാഴ്‍സല്‍ സൗകര്യം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ റോഡരുകില്‍ തട്ടുകടകള്‍ തുടങ്ങിയിട്ടുണ്ട്. അവിടെ ഇരുന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ പ്രവ‍ര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സ്‍കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമേ ട്യൂഷന്‍ സെന്‍ററും ആരംഭിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഓണ്‍ലൈന്‍ ട്യൂഷനാകാം. ആശുപത്രികളില്‍ തിരക്ക് വ‍ര്‍ധിക്കുന്ന നിലയുണ്ട് അതിനെ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിലേറെ നിലകളുള്ള തുണിക്കടകള്‍ക്ക് പ്രവ‍ര്‍ത്തിക്കാം. മൊത്തവ്യാപാരികളായ തുണികച്ചവടക്കാ‍ര്‍ക്കും ഇളവ് ബാധകമാണ്. പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിം​ഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂ‍ര്‍ണമായും ഒഴിവാക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷകള്‍ക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാ‍ര്‍ത്ഥികളെ എത്തിക്കാന്‍ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവ‍ര്‍ത്തിപ്പിക്കാം.

Related Topics

Share this story