Times Kerala

യൂബറിന്റെയും ഓലയുടെയും സേവനം നിര്‍ത്തലാക്കാന്‍ ആലോചിച്ച് ഡല്‍ഹി സര്‍ക്കാര്‍

 

ഏറ്റവും കുറഞ്ഞ തുകയ്ക്ക് യാത്രാസേവനം ലഭ്യമാക്കുന്ന യൂബറിന്റെയും ഓലയുടെയും പൂള്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ ഡല്‍ഹി ഗവണ്‍മെന്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് ലംഘിച്ചുവെന്നാണ് യൂബര്‍പൂള്‍, ഓലഷെയര്‍ എന്നീ സേവനങ്ങള്‍ക്ക് എതിരെയുള്ള ആരോപണം. വെറും 48 രൂപ നിരക്കില്‍ 8 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനുള്ള അവസരമൊരുക്കുന്ന സേവനമാണ് യൂബര്‍പൂള്‍. ഡല്‍ഹിയിലെ യൂബര്‍ ഉപഭോക്താക്കളില്‍ 30 ശതമാനം ഇങ്ങനെ യൂബര്‍ ഉപയോഗിക്കുന്നവരാണ്.

എന്നാല്‍ യൂബര്‍പൂള്‍ നിയമപരമല്ല എന്നാണ് ഗവണ്‍മെന്റ് വാദം. യൂബറിനും ഓലയ്ക്കും ഇന്ത്യയില്‍ ഗവണ്‍മെന്റുമായുള്ള കരാര്‍വാഹന പെര്‍മിറ്റ് പ്രകാരം, ഒരിക്കല്‍ യാത്ര ആരംഭിച്ച വാഹനം എവിടെയും നിര്‍ത്താനോ കൂടുതല്‍ യാത്രക്കാരെ വഴിയില്‍ നിന്നും കയറ്റാനോ പാടില്ല. ഇന്ത്യയില്‍ സ്‌കൂള്‍, സിറ്റി ബസുകള്‍ പോലെയുള്ള സേവനങ്ങള്‍ക്ക് മാത്രമാണ് ഇത് അനുവദിച്ചിട്ടുള്ളത്.

ഇക്കാര്യത്തില്‍ ഗവണ്‍മെന്റുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് യൂബര്‍ പ്രതിനിധി അറിയിച്ചു. യൂബര്‍ പോലെയുള്ള സൗകര്യങ്ങള്‍ പരിസ്ഥിതിമലിനീകരണവും ഇന്ധനനഷ്ടവും കുറയ്ക്കുന്നതായും കമ്പനി പറഞ്ഞു. ഈയടുത്ത് കര്‍ണാടകയിലും കമ്പനി ഇതേപോലെ പ്രശ്‌നം അഭിമുഖീകരിച്ചിരുന്നു.

Related Topics

Share this story