Times Kerala

പൂമരം ഇന്ന് തിയേറ്ററുകളില്‍

 

കൊച്ചി: ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിനും ട്രോളുകള്‍ക്കും വിരാമമിട്ട് കാളിദാസ് ജയറാം- എബ്രിഡ് ഷൈന്‍ ടീമിന്റെ പൂമരം ഇന്ന് തീയേറ്ററുകളിലെത്തും. മുമ്പെങ്ങും ഒരു മലയാള സിനിമയ്ക്കായി മലയാളികള്‍ ഇത്രയധികം കാത്തിരുന്നിട്ടുണ്ടാകില്ല.റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ ട്രോളേറ്റു വാങ്ങിയ ചിത്രമെന്ന അപൂര്‍വതയും പൂമരത്തിനുണ്ട്. ഗാനങ്ങള്‍ പുറത്തിറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

2016 ആഗസ്റ്റ് 27ന് കാളിദാസ് ഫെയ്‌സ്ബുക്കിലൂടെ ഔദ്യോഗികമായി പേരിടാത്ത ഈ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചു.പിന്നീട് സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങി. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ് പൂമരം ചിത്രീകരിച്ചത്. വിദേശത്തും ചിത്രീകരണം ഉണ്ടായിരുന്നു. 2016 നവംബറിലാണ് പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം യൂട്യൂബിലൂടെ പുറത്തു വരുന്നത്.

സൂപ്പര്‍ഹിറ്റായ മാറിയ ഈ ഗാനം പുറത്തു വന്നപ്പോള്‍ മുതല്‍ ആരംഭിച്ച കാത്തിരിപ്പാണ് ഇന്നോടെ തീരുന്നത്. നിലവില്‍ 2 കോടി ആളുകള്‍ ഈ പാട്ട് കണ്ട് കഴിഞ്ഞു. 2017 മെയ് 13ന് സിനിമയുടെ അടുത്ത ഗാനം പുറത്തിറക്കി. കടവത്തൊരു തോണി എന്ന ഗാനം ആദ്യഗാനത്തിന്റെ അത്ര വൈറലായില്ല. എന്നിരുന്നാലും പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചു.ഒരു ടീസറോ ട്രെയിലറിലോ പുറത്തിറക്കാതെയാണ് പൂമരം തിയറ്ററുകളിലെത്തുന്നത്. സിനിമയുടെ റിലീസ് വൈകുന്നതിനെതിരെ ഇതിനോടകം നിരവധി ട്രോളുകള്‍ വന്നുകഴിഞ്ഞു.എന്തായാലും കാളിദാസ് ആദ്യമായി നായകനായെത്തുന്ന മലയാളചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാണുന്നത്.

 

Related Topics

Share this story