Times Kerala

‘അമ്മ’ രണ്ടക്ഷരങ്ങളുടെ മഹാകാവ്യം..!

 
‘അമ്മ’ രണ്ടക്ഷരങ്ങളുടെ മഹാകാവ്യം..!

മനുഷ്യ ബന്ധങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് അമ്മയ്ക്ക് കുഞ്ഞിനോടുള്ള ബന്ധമാണ്. കുഞ്ഞിനെ ഗർഭംധരിക്കുന്ന നിമിഷംമുതലുള്ള അമ്മയുടെ ത്യാഗവും ശ്രദ്ധയും സ്നേഹവും കരുതലുമെല്ലാം അതുല്യമാണ്. അത് അവസാനനിമിഷംവരെ അമ്മ കാത്തുസൂക്ഷിക്കുന്നു.

ജീവിതം എന്ന തിരിനാളം കൊളുത്തിയ നാൾ മുതൽ അത് അണയും നാൾവരെ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന വാക്ക് ‘അമ്മ’. നമ്മുടെ എല്ല തെറ്റുകളും ക്ഷമിക്കുകയും പ്രതിഫലേച്ഛ കൂടാതെ രാപ്പകൽ നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുകയും നമ്മൾക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന അമ്മയ്ക്ക് ദൈവതുല്യമായ സ്ഥാനം ആണ് നൽകേണ്ടത്.

അമ്മ’ എന്ന രണ്ടക്ഷരം എല്ലാം കൊണ്ടും മഹത്തരം തന്നെ. അമ്മമനസ്സ് എന്താണെന്നു അറിയാന്‍ ഒരു അമ്മയ്ക്ക് മാത്രമേ കഴിയൂ. ഒരു ഭ്രൂണത്തെ പത്തുമാസം ചുമന്ന്, വേദനകള്‍ മറന്ന്, അതിനെ നൊന്തു പ്രസവിക്കുന്ന ഒരു സ്ത്രീക്കു മാത്രമേ ആ വികാരം മനസ്സിലാക്കാന്‍ സാധിക്കൂ. സഹനത്തിന്റെയും കനിവിന്റെയും നിറകുടമാണമ്മ.

‘മാതാ പിതാ ഗുരുഃ ദൈവം’ എന്ന സംസ്‌കൃത ശ്ലോകത്തില്‍ പറയുന്നത് തന്നെ ‘ആദ്യം മാതാവിനെ നമിക്കുക’ എന്നാണ്. മാതാവിനു മാത്രമേ ഒരു കുഞ്ഞിനു ജന്മം നല്കാന്‍ കഴിയൂ. എത്രവലുതായാലും നമ്മള്‍ ചെറുതാകുന്നത് അമ്മയ്ക്കു മുന്നിലാണ്. എന്നും അമ്മയ്ക്കു കാലുവളരുന്നോ കൈവളരുന്നോ എന്നോര്‍ക്കുന്ന കുഞ്ഞാണ് മക്കള്‍. മരണംവരെ ശുശ്രൂഷിച്ചും വഴിക്കണ്ണുമായും കാത്തിരിക്കുന്ന അമ്മ. ഉഛരിക്കുമ്പോള്‍ അറിഞ്ഞും അറിയാതെയും കൈകൂപ്പി നമ്മേയും കടന്നു വലുതാകുന്ന പദം അതൊന്നേയുള്ളൂ, അമ്മ…

Related Topics

Share this story