ബെയ്ജിങ്: ചൈനയുടെ തടവിലായിരുന്ന നൊബേല്‍ സമാധാന പുരസ്കാര ജേതാവ് ലിയു സിയാവോബോ (61) അന്തരിച്ചു. കരളിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഷെന്യാങ്ങിലെ ചൈന മെഡിക്കല്‍ സര്‍വകലാശാലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിയാവോബോയുടെ ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിയുവിനെ 2008 ലാണു ചൈന അറസ്റ്റ് ചെയ്തത്. 2009 ഡിസംബറില്‍ 11 വര്‍ഷത്തെ തടവിനു വിധിച്ചു. 2010 ലെ നൊബേല്‍ സമാധാന പുരസ്കാരം ലഭിച്ചെങ്കിലും ഏറ്റുവാങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന്, ഒഴിഞ്ഞ കസേരയിലാണു നൊബേല്‍ സമിതി മെഡലും പ്രശസ്തിപത്രവും സമര്‍പ്പിച്ചത്. അര്‍ബുദ ബാധിതനായപ്പോഴും വിദഗ്ധ ചികില്‍സയ്ക്കായി വിദേശത്തേക്കു വിടണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അഭ്യര്‍ഥന ചൈന നിരാകരിച്ചിരുന്നു.
Comments are closed.