Times Kerala

പരീക്ഷണം പരാജയം; ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു

 

ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്സ്ബുക്ക് വേണ്ടെന്നുവെച്ചു.പരീക്ഷണം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്. ന്യൂസ്ഫീഡില്‍ ഉപയോക്താക്കളുടെ സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കി അടിമുടി മാറ്റം ഉണ്ടാക്കുമെന്ന ഫെയ്സ്ബുക്കിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചിത്രങ്ങളും മറ്റ് അപ്ഡേറ്റുകള്‍ മാത്രമായി ഒരു ന്യൂസ് ഫീഡും ഉപയോക്താക്കള്‍ ലൈക്ക് ചെയ്യുന്ന പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമുള്ള പോസ്റ്റുകള്‍ക്കുമായി എക്സ്പ്ലോര്‍ ഫീഡ് എന്ന മറ്റൊരു വിഭാഗവും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നാണ് ഫെയ്സ്ബുക്ക് പിന്‍വാങ്ങിയത്.

ഇങ്ങനെ ഒരു വിഭജനത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്നും യഥാര്‍ത്ഥത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ന്യൂസ് ഫീഡ് വിഭജനം സഹായിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ അഭിപ്രായമെന്ന് ഫെയ്സ്ബുക്ക് ന്യൂസ് ഫീഡ് തലവന്‍ ആദം മൊസ്സേരി പറഞ്ഞു. പരീക്ഷണം ആരംഭിച്ചതിന് ശേഷം മാധ്യമ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ട്രാഫിക്കില്‍ പെട്ടെന്നുള്ള ഇടിവുണ്ടായി. പ്രധാനപ്പെട്ട വിവരങ്ങള്‍ അറിയുന്നതില്‍ ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും മോസ്സേരി പറയുന്നു.

സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കുക എന്നതിലുപരി വാര്‍ത്താ വെബ്സൈറ്റുകളുടെയും മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും ഉല്പന്നങ്ങളുടെ വിതരണത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന സമൂഹ മാധ്യമമാണ് ഫെയ്സ്ബുക്ക്.

ഒക്ടോബറില്‍ ബോളീവിയ, കംബോഡിയ, ഗ്വാട്ടിമാല, സെര്‍ബിയ, സ്ലോവാക്യ, ശ്രീലങ്ക എന്നിങ്ങനെ ആറ് രാജ്യങ്ങളിലാണ് ഈ രീതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇങ്ങനെ ഒരു വിഭജനം ഫെയ്സ്ബുക്കിനെ വിപരീതമായി ബാധിക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് കമ്പനി ഇത് വേണ്ടെന്ന് വെക്കുക്കുകയായിരുന്നു.

Related Topics

Share this story