Times Kerala

ലോക്കല്‍ ട്രെയിനില്‍ അപ്രതീക്ഷിത വിഐപി

 

മുംബൈ : ഒരു യുവാവ് സാധാരണ വേഷത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നു. തുടര്‍ന്ന് ഒരു ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നു. അത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശാര്‍ദുല്‍ താക്കുര്‍ ആകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് തന്നെയാണ് കണ്ടുനിന്നവര്‍ ആദ്യം ചിന്തിച്ചത്.

രൂപസാദൃശ്യം തോന്നിയതാകാമെന്നും ചിലര്‍ കരുതി. പക്ഷേ സംശയനിവാരണത്തിനായി ഒന്നുകൂടി സൂക്ഷിച്ചു നോക്കാതിരിക്കാന്‍ അവര്‍ക്കായില്ല. എന്നിട്ടും ഉറപ്പുപോരാഞ്ഞ് ഗൂഗിളില്‍ തിരഞ്ഞു. അതെ, അപ്പോഴാണ് അവര്‍ക്ക് ആശ്ചര്യമായത്. അക്കാണുന്നത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ്ങിലെ കരുത്തുറ്റ താരം ശാര്‍ദുലിനെ തന്നെയാണെന്ന്.

അപ്പോഴവര്‍ക്ക് അദ്ഭുതമായി. ഇത്ര സാധാരണമായി ഒരു ക്രിക്കറ്റ് താരത്തെ കണ്‍മുന്നില്‍ കിട്ടാറില്ലല്ലോ. അവരില്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ നേരില്‍ കാണാനായതിലെ ആഹ്ലാദം. എതിരാളിയെ എറിഞ്ഞിടുന്ന താരത്തിന്റെ കൂടെ യാത്ര ചെയ്യുന്നതിലെ ആശ്ചര്യവും.

ദക്ഷിണാഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി മുംബൈയില്‍ വിമാനമിറങ്ങിയ ശാര്‍ദുല്‍ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. എമിറേറ്റ്‌സ് ഫ്‌ളെറ്റില്‍ ബിസിനസ് ക്ലാസില്‍ വന്നിറങ്ങിയ താരം നേരെ പോയത് അന്ധേരി റെയില്‍വേ സ്‌റ്റേഷനിലേക്ക്. പല്‍ഗഡിലേക്കുള്ള ലോക്കല്‍ ട്രെയിനിന് ടിക്കറ്റെടുത്തു.

യാത്രയിലുടനീളം ആളുകള്‍ ശാര്‍ദുലിനോട് കുശലാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സെല്‍ഫിയെടുത്തു. താരത്തെ ക്യാമറയില്‍ പകര്‍ത്താന്‍ തിരക്കുകൂട്ടി. ഈ 26 കാരന് ട്രെയിന്‍ യാത്ര പണ്ടേ ഹരമാണ്.

നാലാള്‍ തിരിച്ചറിയുന്ന ക്രിക്കറ്റ് താരമാകും മുന്‍പ് ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ആളുകള്‍ തന്നെ കളിയാക്കാറുണ്ടായിരുന്നത് ശാര്‍ദുല്‍ പുഞ്ചിരിയുടെ നിറവോടെ ഓര്‍ക്കുന്നു.

എന്നാണ് മുംബൈ ടീമിലും ഇന്ത്യന്‍ ടീമിലും കളിക്കുകയെന്ന് ആത്മാര്‍ത്ഥമായും പരിഹാസപൂര്‍വ്വവും ചോദിച്ചവര്‍ നിരവധി. വെറുതെ ക്രിക്കറ്റ് കളിച്ച് സമയം കളയരുതെന്ന് ഉപദേശിച്ചവരും അനവധി.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ ശേഷം പഴയ വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ ആളുകളുടെ ആദരക്കണ്ണുകളില്‍ പുഞ്ചിരിയോടെ നിറയുകയാണ് ശാര്‍ദുല്‍.

 

Related Topics

Share this story