Times Kerala

മനക്കരുത്തിന്റെ ശക്തിയാല്‍ ചരിത്രം കുറിച്ച പെണ്‍കുട്ടി

 

കാലിഫോര്‍ണിയ :മനക്കരുത്തിന്റെ ശക്തിയാല്‍ അമേരിക്കയില്‍ ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഈ മുസ്‌ലീം പെണ്‍കുട്ടി. ഹിജാബ് ധരിച്ച് വാര്‍ത്ത വായിക്കുന്ന ആദ്യ മുസ്‌ലിം വനിതയെന്ന ചരിത്രമാണ് തഹേര റെഹ്മാനെന്ന 27 വയസ്സുകാരിയെ തേടിയെത്തിയത്.

അമേരിക്കയിലെ നേപ്പര്‍വില്ലെ സ്വദേശിയായ തഹേരയ്ക്ക് തന്റെ സ്വപ്‌നത്തിലേക്ക് എത്തുവാന്‍ നീണ്ട വര്‍ഷത്തെ കാത്തിരിപ്പ് തന്നെ വേണ്ടി വന്നു. റോക്ക് അയലന്റില്‍ സ്ഥിതി ചെയ്യുന്ന സിബിഎസ് ചാനലാണ് തഹേരയ്ക്ക് ഒടുവില്‍ ഹിജാബ് ധരിച്ച് ക്യാമറയ്ക്ക് മുന്‍പില്‍ വരാനുള്ള അനുമതി നല്‍കിയത്.അമേരിക്കന്‍ ദൃശ്യമാധ്യമ രംഗത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒരു തീരുമാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. രണ്ട് വര്‍ഷത്തിലേറെ ചാനലിലെ ക്യാമറയ്ക്ക് പിന്നില്‍ വാര്‍ത്തകള്‍ ഒരുക്കുന്നതിലായിരുന്നു തഹേരയുടെ സ്ഥാനം.

എന്നാലും കുഞ്ഞും നാള്‍ തൊട്ടെ താന്‍ മനസ്സില്‍ കൊണ്ടു നടന്ന സ്വപ്‌നം തഹേരയുടെ കൂടെ നടന്നിരുന്നു. ഹിജാബ് അഴിച്ച് വെച്ചാല്‍ വാര്‍ത്ത വായിക്കാന്‍ അവസരം ലഭിക്കുമെന്ന വാഗ്ദാനങ്ങളൊന്നും അവളുടെ മനസ്സിനെ പിടിച്ച കുലുക്കിയില്ല.

സഹപ്രവര്‍ത്തകരില്‍ ചിലര്‍ പലപ്പോഴും നിരുത്സാഹപ്പെടുത്തിയെങ്കിലും സ്വപ്‌നത്തിലേക്കായി പ്രതിക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ അവസരം തെഹേരയെ തേടിയെത്തി. ഞങ്ങളും ഈ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്നും വേര്‍തിരിവ് അരുതെന്നും ലോകത്തോട് പറയാനാണ് തന്റെ പോരാട്ടമെന്നും തഹേര പറയുന്നു.

Related Topics

Share this story