Times Kerala

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ പീറ്റര്‍ ബിയേര്‍ഡ് മരിച്ച നിലയില്‍

 
പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ പീറ്റര്‍ ബിയേര്‍ഡ് മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്:പ്രശസ്ത കലാകാരനും അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രാഫറുമായ പീറ്റര്‍ ബിയേര്‍ഡ് (82) മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മൗണ്ടക്കിനടത്തുള്ള ഒരു പ്രദേശത്ത് നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പീറ്റര്‍ ബിയേര്‍ഡിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസം മുമ്പ് അദ്ദേഹത്തിന്റെ കുടുംബം പരാതിയുമായി രംഗത്ത് എത്തിയിരുന്നു.ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പീറ്റര്‍ ബിയേര്‍ഡിന്റേത് തന്നെയാണെന്ന് കുടുംബം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

‘അവന്‍ ജീവിച്ചത് പ്രകൃതിയിലാണ്‌ അവിടെ തന്നെ മരിച്ചു’ പീറ്റര്‍ ബിയേര്‍ഡിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ആഫ്രിക്കന്‍ വന്യജീവികളുടെ ഫോട്ടോകളിലൂടെയാണ് ബിയേര്‍ഡ് ലോകപ്രശസ്തനാകുന്നത്. കെനിയയില്‍ വര്‍ഷങ്ങളോളം കൂടാരം കെട്ടി താമസിച്ചിട്ടുണ്ട് അദ്ദേഹം. ഈ സമയത്താണ് 1965-ല്‍ പ്രസിദ്ധീകരിച്ച ‘ദി എന്‍ഡ് ഓഫ് ദി ഗെയിം’ എന്ന ഡോക്യുമെന്ററി പുറത്തിറക്കിയത്. ആഫ്രിക്കയുടെ സൗന്ദര്യവും പ്രകൃതിയും വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ ദുരിതവും പ്രത്യേകിച്ച് ആനകളുടെ ജീവിതം ഇത് രേഖപ്പെടുത്തി.

നിരവധി വനിതാ മാഗസിനുകള്‍ക്ക് വേണ്ടിയും അദ്ദേഹം ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. പല പ്രമുഖ മോഡലുകളുമായും ബിയേര്‍ഡിന് പ്രണയബന്ധമുണ്ടായിരുന്നു. പ്രശസ്ത അമേരിക്കന്‍ മോഡല്‍ ചെറിള്‍ ടൈഗ്‌സിനെ വിവാഹം ചെയ്തു. ഈ ബന്ധം കുറച്ച് കാലമേ നിലനിന്നുള്ളൂ. 1986-ല്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ നെജ്മ ബിയേര്‍ഡിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ഒരു മകളുണ്ട്.

Related Topics

Share this story