Times Kerala

ആളില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിൽ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം

 

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ആളില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിൽ കണ്ടെത്തിയ ഫിലിപ്പീൻ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫിൽസിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ ബെയ്റൂട്ടിൽ ചോദ്യം ചെയ്തുവരികയാണെന്ന് ലെബനീസ് സുരക്ഷാ, നിയമകാര്യ അധികൃതർ അറിയിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ ഫിലിപ്പീൻ യുവതിയുടെ സ്പോൺസറും ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥനുമായിരുന്ന ലെബനീസ് പൗരൻ നാദിർ ഇഷാം അസാഫാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ, ഇയാളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ലെബനൻ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് അധികൃതര്‍ പുറത്തുവിട്ടില്ല. വെള്ളിയാഴ്ചയാണ് സിറിയൻ അധികൃതർ നാദിറിനെ കൈമാറിയത്. ഇയാളുടെ സിറിയൻ സ്വദേശിയായ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്നാണ് ലെബനീസ് ജുഡീഷ്യൽ ഒാഫിസർ നൽകുന്ന വിവരം. ജോന്നയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ ഉള്ളവാണ് ലെബനീസ് പൗരന്‍ നാദിർ ഇഷാം അസാഫും അദ്ദേഹത്തിന്റെ ഭാര്യയും സിറിയൻ പൗരയുമായ മോണ ഹാസൂണും. ഇരുവരെയും കണ്ടെത്തുന്നതിനായി ഇന്റർപോളിന്റെ സഹായം തേടിയിരുന്നു.2016 മുതൽ അടച്ചിട്ടിരുന്ന അപാർട്ട്മെന്റിലെ ഫ്രീസറിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവർ കുവൈത്ത് വിട്ടെങ്കിലും അപ്പാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു.
അതേസമയം തന്റെ മകൻ നിരപരാധിയാണെന്ന് നാദിർ ഇഷാം അസാഫിന്റെ മാതാവ് നേരത്തെ പ്രതികരിച്ചിരുന്നു. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി മരുമകൾ ആണ്. ഒരിക്കൽ കുവൈത്ത് സന്ദർശിച്ചപ്പോൾ വീട്ടുജോലിക്കാരിയായ ഫിലിപ്പീൻ യുവതിയെ മരുമകൾ മർദിക്കുന്നത് കണ്ടിരുന്നു. യുവതിയുടെ മുടി വലിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തിരുന്നു. ജോലിക്കാരിയുടെ പ്രവർത്തിയിൽ തൃപ്തിയില്ലെങ്കിൽ അവരെ തിരികെ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഏൽപ്പിക്കാൻ മരുമകളോട് പറഞ്ഞിരുന്നുവെന്നും അവർ അത് ചെവിക്കൊണ്ടില്ലെന്നും അസാഫിന്റെ മാതാവ് വെളിപ്പെടുത്തിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.

Related Topics

Share this story