Times Kerala

ഏവരേയും അമ്പരപ്പിച്ച പ്രകടനം

 

കൊറിയ :വിന്റര്‍ ഒളിംപിക്‌സില്‍ പങ്കെടുക്കവെ ഒരു മത്സരാര്‍ത്ഥി കാണിച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ അഭിനന്ദിക്കുകയാണ് ലോകം. ഐസ് സ്‌കേറ്റിഗ് വിഭാഗത്തില്‍ മത്സരിക്കവെ താന്‍ അണിഞ്ഞ മേല്‍ വസ്ത്രത്തിന്റെ ഹുക്ക് പൊട്ടിപ്പോയിട്ടും മത്സരത്തില്‍ മുഴുവനായും പങ്കെടുത്ത പെണ്‍കുട്ടി ഏവരുടെയും കയ്യടി ഏറ്റുവാങ്ങി.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള മത്സരാര്‍ത്ഥിയായ യുറാ മിനാണ് സവിശേഷമായ പ്രകടനത്തിലൂടെ ഏവരുടെയും പ്രശംസക്ക് പാത്രമായത്. തന്റെ കൂട്ടാളിയായ അലക്‌സാന്റര്‍ ഗമേലിനൊപ്പമാണ് ഈ 22 കാരി മത്സരത്തിനിറങ്ങിയത്. യുറാ മിനിന്റെ കന്നി ഒളിംപിക്‌സ് മത്സരമാണിത്.

മാസങ്ങളായുള്ള പരിശീലനത്തിന് ശേഷമാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയത്. തങ്ങളുടെ പ്രകടനം ആരംഭിച്ച് നിമിഷങ്ങള്‍ കഴിയും മുന്‍പെ തന്നെ മിനിന്റെ മേല്‍ വസ്ത്രത്തിലെ ഹുക്ക് പൊട്ടി.ഇതിനെ തുടര്‍ന്ന് പ്രകടനം നിര്‍ത്തിയാല്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും. ഇത്രയും നാളത്തെ തന്റെ അദ്ധ്യാനം മുഴുവന്‍ വ്യഥാവിലാകും. പങ്കെടുത്താല്‍ ഏതു നിമിഷവും തന്റെ മേല്‍വസ്ത്രം അഴിഞ്ഞ് വീഴാം. എന്നാലും പെണ്‍കുട്ടി തളര്‍ന്നില്ല.

പിന്‍മാറുവാന്‍ ഒരുക്കമല്ലാതിരുന്ന പെണ്‍കുട്ടി പൊരുതുവാന്‍ തന്നെ തീരുമാനിച്ചു. മത്സരത്തിനിടെ ഇടയിക്കിടയ്ക്ക് ഒരു കൈ ഉപയോഗിച്ച് തന്റെ വസ്ത്രം ശരിയാക്കുന്ന പെണ്‍കുട്ടിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ഏവരും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

മത്സരത്തില്‍ 51.97 പോയിന്റ നേടി ഒമ്പതാം സ്ഥാനത്ത് എത്തുവാനെ കഴിഞ്ഞുള്ളുവെങ്കിലും തന്റെ കന്നി ഒളിംപിക്‌സില്‍ നിന്നും സ്വയം പിന്‍മാറാന്‍ തോന്നാതിരുന്നതില്‍ അഭിമാനിക്കുകയാണ് യുറാ മിന്‍ ഇപ്പോള്‍.

അടുത്ത ദിവസങ്ങളില്‍ നടക്കുന്ന വ്യക്തിഗത മത്സരത്തില്‍ മികച്ച നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലുമാണ് പെണ്‍കുട്ടിയിപ്പോള്‍. മത്സരത്തിന് ശേഷം തനിക്ക് പിന്തുണയേകിയും അഭിനന്ദനം അറിയിച്ചും രംഗത്തെത്തിയ ഏവര്‍ക്കും നന്ദി അറിയിക്കാനും യുറാ മിന്‍ മറന്നില്ല.

Related Topics

Share this story