Nature

കേരളത്തിൽ ആദ്യ അണ്ടർവാട്ടർ മെറ്റേണിറ്റി ഫോട്ടോഷൂട്ട്; ചിത്രം പങ്കുവച്ചു ജോമോൾ ജോസഫ്

#ജോമോൾ ജോസഫ് 

കേരളത്തിൽ ആദ്യമായി അണ്ടർവാട്ടർ മെറ്റേണിറ്റി ഫോട്ടോഷൂട്ട്, അണ്ടർ വാട്ടർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നിവക്ക് മോഡലാകാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും..

ലോകത്തിൽ ആദ്യത്തെ അണ്ടർ വാട്ടർ ഫോട്ടോഗ്രഫി – 1856 ൽ ബ്രിട്ടീഷുകാരനായ വില്ല്യം തോംസൺ ബേ ഓഫ് വേമൗതിൽ വെച്ചാണ് എടുക്കുന്നത്. മരവും ഇരുമ്പും കൊണ്ടുണ്ടാക്കിയ ക്യാമറ ഹൌസിങ്ങിനുള്ളിൽ ക്യാമറ ഉറപ്പിച്ച്, ട്രൈപോഡിൽ സെറ്റ് ചെയ്ത് കയറിൽ അഞ്ചരമീറ്ററോളം ആഴത്തിൽ തൂക്കിയിറക്കിയാണ് അദ്ദേഹം ലോകത്തിലാദ്യമായി അണ്ടർ വാട്ടർ ഫോട്ടോഗ്രഫി ചെയ്യുന്നത്. എന്നാൽ ആദ്യത്തെ അണ്ടർവാട്ടർ ഫോട്ടോ 1893ൽ ലൂയീസ് ബൌട്ടനെടുത്തതാണ്.

അവിടെനിന്നും അണ്ടർവാട്ടർ ഫോട്ടോഗ്രഫിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആരംഭിക്കുകയായിരുന്നു. ക്യാമറകൾക്കായി വെള്ളത്തിനടിയിൽ ഉപയോഗിക്കാനായി കേസിങ്ങുകളും, അണ്ടർ വാട്ടർ ഷൂട്ടിനായി പ്രത്യേക ക്യാമറകളും ഒക്കെ വന്നു. ഫോട്ടോകളിൽ നിന്നും മാറി വീഡിയോകളിലേക്കും ആഗ്രഹങ്ങൾ വളർന്നു. അങ്ങനെ 1916ൽ ട്വന്റി തൌസന്റ് ലീഗ്സ് അണ്ടർ ദ സീ എന്ന സിനിമയിലൂടെ അണ്ടർ വാട്ടർ വീഡിയോ എന്ന സ്വപ്നവും സഫലമായി.

ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിൽ നിന്നും കളറുകളുടെ ഫ്രെയിമുകൾ ക്യാൻവാസിലേക്ക് പതിപ്പിക്കുക എന്ന ആഗ്രഹത്തിന് പിന്നാലെ മനുഷ്യർ അലഞ്ഞപ്പോൾ കളർ ഫോട്ടോഗ്രഫിയെന്ന സ്വപ്നത്തിലേക്കും മനുഷ്യൻ നടന്നടുത്തു. അതോടെ വെള്ളത്തിനടിയിൽ വെച്ച് കളർ ഫോട്ടോഗ്രഫി ചെയ്യുക എന്നതായി ക്യാമറയെ ജീവന് തുല്യം സ്നേഹിച്ചവരുടെ സ്വപ്നം. ആ സ്വപ്നം യാഥാർത്ഥ്യമായത് എംഎച്ച് ലോങ്ലി, ചാൾസ് മാർട്ടിൻ എന്നിവരിലൂടെ 1923ൽ ആണ്. 1957ൽ Calypso എന്ന അംഫിബിയസ് ക്യാമറയാണ് അണ്ടർവാട്ടർ ഫോട്ടോഗ്രഫിയിലേക്ക് വിപ്ലവകരമായ മാറ്റവുമായി വന്ന ആദ്യ സ്പെഷ്യലിസ്റ്റ് ക്യാമറയും ടെക്നോളജിയെ മാറ്റിമറിച്ച കൊമേഴ്സ്യൽ ഇൻവെൻഷനും. അവിടെ നിന്നും വിപ്ലവകരമായ പല മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് രണ്ടായിരം വർഷങ്ങളിലെത്തിയപ്പോൾ ഗോ പ്രോയിലേക്കും, ഹൈജിഫോട്ടിലേക്കും ഗോപ്രോ 5ലേക്കും ഒക്കെ ലോകമെത്തി.

ഏതൊരു ഫോട്ടോഗ്രാഫറുടേയും സ്വപ്നം തന്നെയാണ് ക്യാമറയുമായി വെള്ളത്തിനടിയിൽ പോയി അവിടെ വെച്ച് തന്നെ ഒബ്ജക്ട് ഷൂട്ട് ചെയ്യുക എന്നത്. സാധാരണ ഗതിയിൽ വായു മീഡിയമായി വരുന്നിടത്ത് ഷൂട്ട് ചെയ്യുന്നതുപോലെ എളുപ്പമല്ല വെള്ളത്തിനടിയിലെ ഷൂട്ട്. അതുപോലെ തന്നെ ക്യാമറിയിൽ പകർത്തേണ്ട ഒബ്ജക്ട് ഒരു മനുഷ്യശരീരം കൂടിയാകുമ്പോൾ, തികച്ചും വെല്ലുവിളി നിറഞ്ഞതായി മാറും അത്തരമൊരു ഫോട്ടോഗ്രഫി. കൃത്രിമ ശ്വസന സംവിധാനങ്ങളൊന്നുമില്ലാതെ ക്യാമറ കൈകാര്യം ചെയ്യുന്ന ഫോട്ടോഗ്രാഫറും ഫ്രയിമിൽ വരുന്ന മോഡലും വെള്ളത്തിനടിയിൽ സമയം ചിലവഴിച്ച് മനസ്സിൽ കണ്ട ഫ്രെയിം യാഥാർത്ഥ്യമാക്കുക എന്നത് തികച്ചും വെല്ലുവിളി തന്നെയായി മാറുന്നു. ഇത്തരം വെല്ലുവിളികളും റിസ്കുകളും തന്നെയാണ് ഏതൊരു അണ്ടർവാട്ടർ ഫ്രയിമിനേയും വേറിട്ടതാക്കുന്നത്.

മനുഷ്യശരീരങ്ങളുടെ വ്യത്യസ്തതകളും ക്യാമറകളും തമ്മിലുള്ളത് വേറിട്ട പ്രണയം തന്നെയെന്ന് പറയാം. ശരീരങ്ങളെ ക്യാമറയുടെ കണ്ണുകളിലൂടെ വിഷ്വലുകളാക്കി മാറ്റുമ്പോൾ അവക്ക് പല കഥകളും കാഴ്ചക്കാരുമായി പങ്കുവെക്കാൻ കാണും. ഓരോ ചിത്രങ്ങളും അങ്ങനെയാണ് ഓരോ കഥകളായി മാറുന്നത്. വെള്ളത്തിനടിയിലെ മനുഷ്യശരീരങ്ങൾ ക്യാമറകണ്ണുകളുടെ തീവ്രപ്രണയിനിയായി മാറിയപ്പോൾ ഗർഭിണികളുടെ ശരീരങ്ങളെ ക്യാമറകണ്ണുകൾ വല്ലാതെ കൊതിച്ചു തുടങ്ങി.

മെറ്റേണിറ്റി ഷൂട്ടുകളുടെ ഭാഗമായി ചിലരൊക്കെ അണ്ടർ വാട്ടർ ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ട് എങ്കിലും ഗർഭിണിയുടെ ശരീരം മറകളില്ലാതെ വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്തിട്ടുള്ളത് വളരെ വിരളമായാണ്. ഇന്ത്യയിൽ തന്നെ ഇത്തരം അണ്ടർവാട്ടർ ന്യൂഡ് മെറ്റേണിറ്റി ഷൂട്ടുകൾ നടന്നിട്ടുണ്ടോ എന്നത് സംശയമാണ്. ഇതുവരെ കേരളത്തിൽ ഇത്തരം ഷൂട്ട് നടക്കുകയോ, ഫോട്ടോ റിലീസ് ചെയ്യുകയോ ചെയ്തിട്ടില്ല.

അതുകൊണ്ട് തന്നെ അണ്ടർവാട്ടർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്യുക എന്നത് ഒരു മോഡൽ എന്ന നലയിൽ ഒരു വെല്ലുവിളിയായി തന്നെ മനസ്സിൽ സ്വപ്നം കണ്ടുനടക്കുമ്പോളാണ് Manoop Chandran നും Neethu Chandran നും ഇതേ ആശയം ഞങ്ങളുമായി സംസാരിക്കുന്നത്. അങ്ങനെ ആ സ്വപ്നം യാഥാർത്ഥ്യമാക്കാനായുള്ള ശ്രമങ്ങളായി പിന്നെ. പ്രസവത്തിന് പതിനഞ്ച് ദിവസം മാത്രം ബാക്കി നിക്കുമ്പോൾ, ഹോസ്പിറ്റലിൽ അഡ്മിറ്റാകാനായി പത്തുദിവസം മാത്രം ബാക്കിനിൽക്കുമ്പോളാണ് സ്വപ്നം യാഥാർത്ഥ്യമാകാനായി സാഹചര്യങ്ങളൊത്തു വന്നത്. അങ്ങനെ 2020 മാർച്ച് പത്താം തീയതി, ആതിരപ്പള്ളിയിൽ വെച്ച് അണ്ടർവാട്ടർ മെറ്റേണിറ്റി ഫോട്ടോഷൂട്ട് അണ്ടർവാട്ടർ ന്യഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന ഞങ്ങളുടെ ആഗ്രഹങ്ങൾ സഫലമായി. ആ ഫോട്ടോഷൂട്ട് ചെയ്ത് തിരികെ വന്ന് പത്തു ദിവസങ്ങൾ കഴിഞ്ഞ് ഇരുപതാം തീയതി ഹോസ്പിറ്റലിൽ അഡ്മിറ്റാകുകയും, മാർച്ച് ഇരുപത്തിയഞ്ചാം തീയതി എന്റെ ശരീരത്തിനുള്ളിൽ നിന്നും ഐറിനെ നോർമർ ഡെലിവറിയിലൂടെ ഈ ലോകത്തിലേക്ക് സ്വന്ത്രയാക്കുകയും ചെയ്തു.

ഗർഭിണിയായാൽ പിന്നെ വിശ്രമം അത്യാവശ്യമെന്ന നിലനിൽക്കുന്ന പൊതുബോധത്തിനെതിരായും, ഗർഭം ധരിച്ചാലോ പ്രസവിച്ചാലോ നഷ്ടപ്പെടുന്ന സൌന്ദര്യം മാത്രമാണ് സ്ത്രീശരീരങ്ങൾക്കെന്ന പൊതുകാഴ്ചപ്പാടിനെ തിരുത്തിയെഴുതാനും, മൂടിപ്പൊതിഞ്ഞുവെക്കേണ്ടതാണ് സ്ത്രീശരീരങ്ങളെന്ന ധാരണകളെ പൊളിച്ചെഴുതാനും, കേവലം ലൈംഗീക ഉപകരണങ്ങൾ മാത്രമാണ് സ്ത്രീശരീരങ്ങളെന്ന ബോധത്തിനെതിരായും തന്നെയാണ് ന്യൂഡ് മോഡലിങ്ങിനെ എന്നും സമീപിച്ചിട്ടുള്ളത്. നിരന്തരം പീഢനങ്ങൾക്ക് വിധേയമാകുന്ന സ്ത്രീശരീരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ഇതിനെല്ലാം എതിരായി ബോധവൽക്കരണത്തിനും, ബോധ്യപ്പെടുത്തലിനും ഉള്ള ക്യാൻവാസായി എന്റെ ശരീരത്തെ ഞാൻ ഉപയോഗിക്കുന്നു. എന്റെ ശരീരം എന്റെ മാത്രം അവകാശവും, എപ്പോൾ എങ്ങനെ എവിടെ എന്തു വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം ചോയ്സായും ഞാൻ കാണുന്നു. വസ്ത്ര സ്വാതന്ത്ര്യം എന്നത് ഓരോ വ്യക്തിയുടേയും മാത്രം പ്രിഫറൻസാണ്, മറിച്ച് അടിച്ചേൽപ്പിക്കപ്പെടേണ്ട ഒന്നല്ല വസ്ത്രധാരണ രീതി..

ഐറിനെ എന്റെ ശരീരത്തിൽ വഹിച്ചിരുന്ന അവസാന ദിവസങ്ങളിലെ ആ ചിത്രങ്ങൾ ഇന്ന് നിങ്ങൾക്കുമുമ്പിൽ സമർപ്പിക്കുകയാണ്.

prd
You might also like

Comments are closed.