Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം; കെഎംസിസി ഹൈക്കോടതിയിൽ

കൊവിഡ്-19 നെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാന സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെഎംസിസി കേരള ഹൈക്കോടതിയിൽ. ലേബർ ക്യാമ്പുകളിൽ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടിൽ എത്തിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് ശനിയാഴ്ച പരിഗണിക്കും.

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കെഎംസിസി ദുബായ് റിട്ട് ഹർജി ഫയൽ ചെയ്തത്. ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയാറാണെന്ന് എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകുന്നില്ല. സന്നദ്ധതയറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്റീൻ ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

സന്ദർശക വിസയിൽ എത്തിയവർ, യാത്രാ നിയന്ത്രണം കാരണം കുട്ടികൾ ഇന്ത്യയിലും മാതാപിതാക്കൾ യുഎഇയിലുമായി കഴിയേണ്ടി വരുന്നവർ, തുടർചികിത്സ ലഭ്യമാക്കാൻ ഇന്ത്യയിൽ എത്തേണ്ടവർ, തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബർ ക്യാമ്പുകളിൽ തുടരേണ്ടിവരുന്നവർ എന്നിവരെ നാട്ടിൽ എത്തിക്കണമെന്ന് ഹർജിയിൽ അഭ്യർത്ഥിക്കുന്നു.

You might also like

Comments are closed.