റോം: ലോകത്തിൽ ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ച ഇറ്റലിയുടെ രോഗ പ്രതിരോധത്തിൽ പുതിയ പ്രതീക്ഷ. 104 വയസുള്ള വയോധിക ഇറ്റലിയിൽ കോവിഡ് മുക്തയായി. ആഡ സനൂസോ എന്ന സ്ത്രീയുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. വീണ്ടും പരിശോധനാ ഫലം വരേണ്ടതിനാൽ നിലവിൽ ഇവർ ഐസലേഷനിൽ കഴിയുകയാണ്.
അചഞ്ചലമായ ദൈവവിശ്വസവും അസാധാരണ ധൈര്യവുമാണ് തന്നെ കോവിഡിൽനിന്നു രക്ഷപ്പെടുത്തിയതെന്ന് ഈ വൃദ്ധ പറയുന്നു. രോഗബാധയുണ്ടായതിനെ തുടർന്ന് ആഡ സനുസോ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ഡോക്ടറായ കാർല ഫർണോ മാർകേസ് പറയുന്നു.
രോഗം ബാധിച്ച് എല്ലായ്പ്പോഴും മയക്കമായിരുന്നതിനാൽ രക്ഷപ്പെടുകയില്ലെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയിരുന്നു. ഒരാഴ്ച ആഹാരം കഴിക്കാതിരുന്നതിനാൽ ജലാംശം നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിരുന്നു. രോഗവിമുക്തയായി തിരിച്ചുവന്ന സനൂസോ മുന്പ് പതിവായി ചെയ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്.
ഇറ്റലിയിൽ 18,000 ലധികം ആളുകളാണ് രോഗം ബാധിച്ചു മരിച്ചത്. നൂറ് വയസു പിന്നിട്ടവർ ഏറെയുള്ള യൂറോപ്യൻ രാജ്യങ്ങളാണ് ഇറ്റലിയും ഫ്രാൻസും. യൂറോപ്പിൽ രോഗം ബാധിച്ചു മരിച്ചതിൽ 95 ശതമാനം ആളുകളും 60 വയസ് പിന്നിട്ടവരാണ്.
Comments are closed.