പത്തനംതിട്ട : കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകരെ പാർട്ടി സസ്പെന്‍ഡ് ചെയ്തു. രാജേഷ്, അശോകന്, അജേഷ്, സനല്‍, നവീന്‍, ജിന്സണ് എന്നിവരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയതത് .
സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ജില്ലാ സെക്രട്ടറിയുടെ വാര്‍ത്താക്കുറിപ്പില്‍ പ്രവര്‍ത്തകരായിട്ടുള്ള ആറുപേര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട് . മനുഷ്യത്വരഹിതമായ നടപടിയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അക്കാരണത്താല്‍ ഇവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി .
ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം നടക്കുന്നത് . കോവിഡ് 19 നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ പിതാവിനെ പിടികൂടി തല്ലിച്ചതക്കണമെന്ന തരത്തില്‍ വാട്സാപ്പ് സന്ദേശമുണ്ടായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി . ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ആറോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയും വീടിന് കല്ലെറിയുകയും ചെയ്തത്.
Comments are closed.