ജനങ്ങള്‍ക്കു വേണ്ട വിവരങ്ങള്‍ പരമാവധി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേണം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യാനെന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ജില്ലയിലെ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും അപ്പീല്‍ അധികാരികള്‍ക്കുമായി സംസ്ഥാന വിവരാവകാശ കമ്മീഷന് നടത്തിയ ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണക്രമത്തില്‍ സുതാര്യത കൈവരിക്കുക, അഴിമതി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവരാവകാശ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു പൊതു അധികാരിയുടെ പക്കല്‍ ഉള്ള വിവരങ്ങള്‍ അഭിപ്രായ പ്രകടനമോ, നിയമത്തിന്റെ വ്യാഖ്യാനമോ ഇല്ലാതെ അപേക്ഷകന് ലഭ്യമാക്കുകയാണ് വിവരാവകാശ നിയമപ്രകാരം ചെയ്യേണ്ടത്.
വിവരാവകാശ അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നേരിട്ട പ്രശ്നങ്ങള്‍ക്കും സംശയങ്ങള്‍ക്കും കമ്മീഷന് മറുപടി നല്കി. വിവരാവകാശ നിയമപ്രകാരം അപേക്ഷയിലെ ചോദ്യങ്ങള്‍ക്ക് പൂര്‍ണവും വിശദവുമായ മറുപടികള്‍ നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. അപേക്ഷയില്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ അവ്യക്തതയുണ്ടെങ്കില്‍ അപേക്ഷകനുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണം. നിയമപ്രകാരം പരമാവധി 30 ദിവസത്തിനുള്ളിലാണ് മറുപടി നല്‍കേണ്ടതെങ്കിലും വിവരങ്ങള്‍ കഴിയുന്നതും വേഗത്തില്‍ നല്കാന് ശ്രമിക്കണം. അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മറ്റൊരു പൊതു അധികാരിയുടെ പക്കലുള്ളതാണെങ്കില് അക്കാര്യം അങ്ങോട്ടേക്ക് അയക്കുകയും ആ വിവരം അപേക്ഷകനെ അറിയിക്കുകയും വേണം.
You might also like
Comments are closed.