കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ വാടി, മൂതാക്കര, തങ്കശ്ശേരി, പോര്‍ട്ട് കൊല്ലം എന്നീ ലാന്റിങ് സെന്ററുകളില്‍ ഫിഷറീസ് വകുപ്പ് കൂടുതല്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി മത്സ്യം വാങ്ങാന്‍ വരുന്ന വാഹനങ്ങള്‍ കൊല്ലം ബീച്ചിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഹാര്‍ബറിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലെ വാഹന പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനുമായാണ് നടപടി. തലച്ചുമടായി മത്സ്യവിപണനം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് തങ്കശ്ശേരി ബസ് ബേയില്‍ മത്സ്യഫെഡ് അന്തിപ്പച്ച വാഹനത്തില്‍ നിന്നും മത്സ്യം നല്‍കിവരുന്നത് കൂടാതെ പോര്‍ട്ട് കൊല്ലം ലാന്റിംഗ് സെന്ററില്‍ നിന്നും മത്സ്യം വാങ്ങാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു.
ജില്ലയിലെ ലാന്റിംഗ് സെന്ററുകളില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിജയകരമായി മത്സ്യ ബന്ധന-വിപണനം നടന്നുവരുന്നു. ഇന്നലെ (ഏപ്രില്‍ 8) മാത്രം 150 ഓളം വള്ളങ്ങള്‍ മത്സ്യബന്ധനത്തിനായി പോയി. 3800 കിലോ വിവിധ മത്സ്യങ്ങള്‍ ലാന്റിംഗ് സെന്ററുകളില്‍ വിപണനം നടത്തി.
ഏപ്രില്‍ ഏഴുവരെ ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍ നീണ്ടകര, ശക്തികുളങ്ങര, കല്ലുംതാഴം, തട്ടാമല, കുരീപ്പുഴ ബൈപ്പാസ് എന്നിവിടങ്ങളില്‍ നിന്നും 21,505 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.
You might also like
Comments are closed.