നിസ്സഹായരായ കുടുംബത്തിന് മരുന്നുകൾ വാങ്ങിനൽകി പൊലീസ്. തൈറോയ്ഡ് ചികിത്സയിലുള്ള കുട്ടിക്കാണ് മരുന്നുകൾ എത്തിച്ചു നൽകിയത്. എറണാകുളത്തെ സ്വകാര്യകമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന അയ്യന്തോൾ സ്വദേശി അനിൽ തൃശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതിനെ തുടർന്നായിരുന്നു പൊലീസ് സഹായവുമായി എത്തിയത്. വെക്കേഷൻ ആയതോടെ ഭാര്യയും മക്കളും വീട്ടിലേക്ക് പോവുകയും അനിൽ ജോലി സ്ഥലത്ത് തുടരുന്നതിനിടെയുമാണ് രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അപ്പോൾ മൂത്ത കുട്ടിയായ അർജുൻ ദേവിന് (4) തൈറോയ്ഡ് സംബന്ധിച്ച ചികിത്സ നടന്നു വരികയായിരുന്നു. ചികിത്സയ്കള്ള മരുന്ന് കഴിഞ്ഞതോടെ വീട്ടുകാർ അനിലുമായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിലിന് വീട്ടിലേക്ക് മടങ്ങാൻ കഴിയാതെയായി. മരുന്ന് എത്തിക്കാൻ അനിൽ തൃശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീറും സംഘവും ഉടൻ തന്നെ അനിലിന്റെ വീട്ടിലെത്തി മരുന്ന് കുറിപ്പുകൾ വാങ്ങി തൃശൂർ നഗരത്തിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് ശേഖരിച്ച് വീട്ടിലെത്തിച്ചു നൽകി. ജീവൻരക്ഷാ മരുന്നുകൾ ദ്രുതഗതിയിൽ എത്തിക്കുന്നതിന് പൊലീസ് നൽകിയ സഹായത്തിന് അനിലും കുടുംബവും നന്ദിയറിയിച്ചു.
You might also like
Comments are closed.