ആരും കൂട്ടിനില്ലാതെ കഴിയുന്ന പാലത്തിങ്കൽ വേലായുധന് പനികിടക്കയിലും സഹായവുമായി എത്തുകയാണ് കുടുംബശ്രീ പ്രവർത്തകർ. അന്നമനട പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സംഭവം. ലോക്ക് ഡൗണിൽ മൂന്നു നേരം ആഹാരം പോലും കഴിക്കാൻ ഇല്ലാത്ത 86 വയസുള്ള വേലായുധൻ പഞ്ചായത്ത് കുടുംബശ്രീ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ആഹാരം കഴിച്ചുകൊണ്ടിരുന്നത്. പനിയായതോടെ ചൂടു കഞ്ഞി വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കണക്കിലെടുത്തു വീട്ടിൽ എത്തിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സംഘമെത്തി വേണ്ട ചികിത്സ നൽകുകയും ചെയ്തു.
അഗതി രഹിത കേരളം ഗുണഭോക്താവായ വേലായുധന് പഞ്ചായത്തിൽ നിന്നും പോഷകാഹാര കിറ്റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയിൽ 96പേരാണ് അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്. തനിയെ എണീറ്റ് പോലും നടക്കാൻ കഴിയാത്ത വേലായുധന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം താമസ സ്ഥലത്തേക്ക് കഞ്ഞിയും മറ്റ് സാധനങ്ങളും എത്തിച്ചു നൽകിയതെന്ന് സി ഡി എസ് ചെയർപേഴ്സൺ ഷിനി സുധാകരൻ പറഞ്ഞു. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിൽ പ്രത്യേക കരുതൽ ആവശ്യമുള്ളവർക്ക് തങ്ങളുടെ സേവനം നൽകാൻ കുടുംബശ്രീ പ്രവർത്തകർ ഒരുക്കമാണെന്നും അവർ കൂട്ടിച്ചേർത്തു.
You might also like
Comments are closed.