തിരുവനന്തപുരം: വ്യക്തികളെ അണുവിമുക്തമാക്കുന്നതിന് ‘ചിത്ര ഡിസ്ഇന്‍ഫക്ഷന്‍ ഗേറ്റ് വേ’ സംവിധാനവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. ഹൈഡ്രജന്‍ പെറോക്സൈഡ് പുക ഉണ്ടാക്കുന്നതിനുള്ള സംവിധാനം, അള്‍ട്രാവയലറ്റ് അടിസ്ഥാന അണുനശീകരണ ഉപകരണം എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ഒരു സമയം ഒരാളെ അണുവിമുക്തമാക്കാം.
ഹൈഡ്രജന്‍ പെറോക്സൈഡ് പുക വ്യക്തിയുടെ ശരീരം, കൈകള്‍, വസ്ത്രങ്ങള്‍ എന്നിവ അണുവിമുക്തമാക്കുമ്പോള്‍ ചേംബറിലെ കീടാണുക്കളെ നശിപ്പിക്കുകയാണ് അള്‍ട്രാവയലറ്റ് അടിസ്ഥാന സംവിധാനത്തിന്റെ ജോലി. ഇത് പൂര്‍ണമായും ഇലക്ട്രോണിക്കായി നിയന്ത്രിക്കാന്‍ കഴിയും. ചിത്ര ഡിസ്ഇന്‍ഫക്ഷന്‍ ഗേറ്റ്വേയില് സ്ഥാപിച്ചിട്ടുള്ള സെന്‍സറുകള്‍ വ്യക്തി ചേംബറില്‍ പ്രവേശിക്കുന്നത് തിരിച്ചറിയുകയും സ്വയം ഹൈഡ്രജന്‍ പെറോക്സൈഡ് പുക ഉണ്ടാക്കുകയും ചെയ്യും. ചേംബറിന്റെ അവസാനം വരെ നടന്ന് പുറത്തിറങ്ങുന്നതോടെ വ്യക്തിയുടെ അണുനശീകരണം പൂര്‍ത്തിയാകും. ഇതോടെ ഹൈഡ്രജന്‍ പെറോക്സൈഡ് പുകയുടെ ഉല്‍പ്പാദനം നിലയ്ക്കുകയും അള്‍ട്രാവയലറ്റ് ലൈറ്റ് തെളിഞ്ഞ് ചേംബറിനെ അണുവിമുക്തമാക്കുകയും ചെയ്യുന്നു.
നിശ്ചിത സമയത്തിന് ശേഷം അള്‍ട്രാവയലറ്റ് ലൈറ്റ് അണയുമ്പോള്‍ അടുത്തയാളിനു കയറാം. മൊത്തം പ്രക്രിയയ്ക്ക് ആകെ വേണ്ട സമയം 40 സെക്കന്റ് ആണ്. നിരീക്ഷണത്തിനായി പുറത്തുനിന്നു കാണാവുന്ന ഗ്ലാസ് പാനലുകള്‍ വശങ്ങളില് ഉപയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തന സമയത്ത് അവശ്യത്തിന് വെളിച്ചം ലഭിക്കുന്നതിനായി ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്വാസമായി ശ്രീചിത്രയുടെ മൂന്ന് പുത്തന്‍ ഗവേഷണങ്ങളും നടക്കുന്നുണ്ട്.
രോഗികളുടെ കഫം, തുപ്പല് തുടങ്ങിയ സ്രവങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായി നശിപ്പിക്കാനുള്ള ഉപകരണമായ ‘ചിത്ര അക്രിലോസോര്‍ബ്’, രോഗിക്ക് പരിസരവുമായി ഒരുവിധത്തിലുള്ള സമ്പര്ക്കവുമുണ്ടാകാതിരിക്കാനുള്ള ‘ഐസൊലേഷന്‍ പോഡ്’, ‘ബബിള്‍ ഹെല്‍മെറ്റ്’ എന്നിവയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിക്ഷയോടെ കാണുന്ന ഉപകരണങ്ങള്‍.
Comments are closed.