ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു ബ്രസീല്‍ . ലക്ഷ്മണന്റെ ജീവന് രക്ഷിക്കാന്‍ ഹനുമാന് മൃതസഞ്ജീവനി കൊണ്ടുവന്ന പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്നു നല്‍കണമെന്നാണു ബ്രസീലിയന്‍ പ്രസിഡന്റ് ഹെയര്‍ ബൊല്‍സനാരോ കത്തില്‍ അഭ്യർഥിച്ചത്.
ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന് രക്ഷിക്കാന്‍ ഹനുമാന് ഹിമാലയത്തില്‍ നിന്നു വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി ) കൊണ്ടുവന്നപോലെ , യേശു ക്രിസ്തു അന്ധന് കാഴ്ച നല്കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരു ശക്തിയായിനിന്നു കോവിഡിനെ അതിജീവിക്കണമെന്ന് ബൊല്‍സാനരോ കത്തില്‍ പറയുന്നു . ഇന്ത്യ മരുന്നു നല്‍കുമെന്നാണു പ്രതീക്ഷയെന്നും ബൊല്‍സനാരോ കത്തില്‍ എഴുതി .
ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതിനു പിന്നാലെ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു. തുടര്‍ന്നാണു ഹനുമാന് പരാമര്‍ശവുമായി ബ്രസീലിയന്‍ പ്രസിഡന്റും രംഗത്തെത്തിയിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞമാസം 25 മുതല്‍ ഹൈഡ്രോക്സി ക്ലോറോക്വിന് എന്ന മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിയിരിക്കുകയാണ്. യുഎസിനെ കൂടാതെ മുപ്പതോളം രാജ്യങ്ങളാണ് ഹൈഡ്രോക്സി ക്ലോറോക്വിന് നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യ സമീപിച്ചത്.
Comments are closed.